കുവൈത്തിലെ ഡ്രൈവിങ് ലൈസൻസ് നേടിയ പ്രവാസികളുടെ രേഖകൾ ഓഡിറ്റ് ചെയ്യാൻ നിർദേശിച്ച് അധികൃതർ. അനധികൃതമായി ആരെങ്കിലും ലൈസൻസ് നേടിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് റിപ്പോർട്ട്. ആറ് ഗവർണറേറ്റുകളിലും മുൻ വർഷങ്ങളിൽ ഡ്രൈവിങ് ലൈസൻസ് നേടിയ പ്രവാസികളുടെ രേഖകളാണ് ഓഡിറ്റ് നടത്താൻ നിർദ്ദേശിച്ചത്. ഇതിനായി ഗവർണറേറ്റുകളിലെ എല്ലാ ട്രാഫിക് വകുപ്പുകളുടെയും ആർക്കൈവുകൾ പരിശോധിക്കും.
ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചുള്ള നിയമങ്ങൾ ലംഘിച്ച് ലൈസൻസ് നേടിയവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. കുവൈത്തിൽ അനുവദിച്ചിരിക്കുന്ന ഏകദേശം 14 ലക്ഷം ഡ്രൈവിങ് ലൈസൻസുകളിൽ 8 ലക്ഷം ലൈസൻസുകൾ നേടിയിട്ടുള്ളത് പ്രവാസികളാണ്. വിവിധ പ്രൊഫഷണൽ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് മുമ്പ് ലൈസൻസ് നൽകുന്നതിന് ഇളവുകൾ അനുവദിച്ചിരുന്നതായും എന്നാൽ ഇത്തരം ഇളവുകൾ പുനപരിശോധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.