ത്രീഡി പ്രിന്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച ലോകത്തിലെ ഏറ്റവും ഉയരും കൂടിയ ഫ്രീസ്റ്റാൻഡിങ് കോൺക്രീറ്റ് കെട്ടിടത്തിനുള്ള ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി ‘തസ്‌മു’. ഖത്തർ കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ പവിലിയനാണ് തസ്‌മു .
രാജ്യാന്തര ഹോർട്ടികൾചറൽ പ്രദർശനമായ ദോഹ എക്‌സ്‌പോയിലാണ് ഗിന്നസ് റെക്കോർഡ് നേടിയ മന്ത്രാലയത്തിന്റെ തസ്മു (സ്മാർട് ഖത്തർ) എന്ന പവിലിയൻ സ്ഥിതി ചെയ്യുന്നത്. 12.4 മീറ്റർ ആണ് 170 ചതുരശ്ര മീറ്ററിലുള്ള നിർമിതിയുടെ ഉയരം. 13×13 ആണ് കെട്ടിടത്തിന്റെ വീതി. 10 ലെവലുകളായി ടവറിന്റെ ഡിസൈനിലാണ് കെട്ടിടത്തിന്റെ നിർമിതി. ഓരോ നിരയിലും ഏഴ് ഇഷ്ടികകൾ വീതമാണ് ഓരോ ലെവലും നിർമിച്ചിരിക്കുന്നത്. ത്രീഡി സാങ്കേതിക വിദ്യയിൽ പ്രിന്റ് ചെയ്‌തെടുത്ത 75 കട്ടകൾ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്.
പാരമ്പര്യവും പുതുമയും കോർത്തിണക്കി കൊണ്ടുള്ളതാണ് തസ്‌മു പവിലിയൻ. ഖത്തറിന്റെ സംസ്‌ക്കാരവുമായി സമന്വയിപ്പിച്ചു കൊണ്ടാണ് കട്ടിങ്-എഡ്ജ് സാങ്കേതിക വിദ്യ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. അതേസമയം സാങ്കേതികതയുടെ അടിസ്ഥാനത്തിലുള്ള പരിഹാരങ്ങൾ പ്രദാനം ചെയ്യുന്നതിലുള്ള പ്രതിബദ്ധത ഉളവാക്കുന്നതാണ് പവിലിയൻ. കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി മുഹമ്മദ് ബിൻ അലി അൽ മന്നായി ആണ് പവലിയന്റെ ഉദ്ഘാടനം ചെയ്തത്.