അബുദാബിയിലേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്ന ചില ഹെവി വാഹനങ്ങൾക്കും ബസുകൾക്കും ചൊവ്വാഴ്ച (ഫെബ്രുവരി 13) പ്രവേശനം താൽക്കാലികമായി നിരോധിക്കുമെന്ന് അബുദാബി പോലീസ് ട്രാഫിക് ആൻഡ് പട്രോൾ ഡയറക്ടറേറ്റ് അറിയിച്ചു. ഫെബ്രുവരി 13 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മുതൽ രാത്രി 11:59 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് സെൻട്രൽ ഓപ്പറേഷൻസ് സെക്ടറിൻ്റെ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾ ഡയറക്ടർ ജനറൽ മഹ്മൂദ് യൂസഫ് അൽ ബലൂച്ചി വ്യക്തമാക്കി.
പ്രവേശന നിയന്ത്രണങ്ങളിൽ ഷെയ്ഖ് സായിദ് പാലം, ഷെയ്ഖ് ഖലീഫ പാലം, അംസെഫ പാലം, അൽ-മുക്താർ പാലം തുടങ്ങിയ പ്രധാന പാലങ്ങളും പ്രവേശന നിയന്ത്രണങ്ങളിൽ ഉൾപ്പെടുന്നു. എല്ലാ റോഡുകളിലും ട്രാഫിക് പട്രോളിംഗ് വിന്യസിക്കുമെന്നും സ്മാർട്ട് സംവിധാനങ്ങളിലൂടെ ഗതാഗത നിയന്ത്രണ നടപടികൾ ശക്തമാക്കുമെന്നും അധികൃതർ എടുത്തുപറഞ്ഞു. പൊതു ശുചിത്വ കമ്പനികൾ നടത്തുന്ന വാഹനങ്ങളെയും ലോജിസ്റ്റിക് സപ്പോർട്ട് വാഹനങ്ങളെയും നിരോധന ഉത്തരവിൽ ഒഴിവാക്കിയതായി അബുദാബി പോലീസ് പറയുന്നു.
ചൊവ്വാഴ്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. അബുദാബിയിലെ സായിദ് സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ‘അഹ്‌ലൻ മോദി’ പരിപാടിയിൽ 60,000-ത്തിലധികം ഇന്ത്യൻ പ്രവാസി സമൂഹത്തെ മോദി അഭിസംബോധന ചെയ്യും.