സൗദിയിൽ സെപ്റ്റംബർ പകുതി വരെ താപനില ഉയർന്ന് നിൽക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. അതേസമയം, കാലാവസ്ഥാപരമായി സൗദിയിൽ വേനൽക്കാലം സെപ്റ്റംബർ മാസത്തോടെ അവസാനിക്കുമെന്നും നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ ഔദ്യോഗിക വക്താവ് ഹുസൈൻ അൽഖഹ്താനി സ്ഥിരീകരിച്ചു.
സെപ്റ്റംബർ പകുതിക്ക് ശേഷം താപനിലയിൽ ഏറ്റക്കുറച്ചിലുകളും അന്തരീക്ഷ മർദ്ദത്തിൽ മാറ്റവും ഉണ്ടാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇത്തരത്തിൽ താപനിലയിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങളും ഏറ്റക്കുറച്ചിലുകളും ശക്തമായ മഴ പെയ്യാനും കാറ്റ് വീശാനുമുള്ള സാധ്യതയാണ് തുറന്നുകാട്ടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.