യുഎഇയിൽ ഇന്ന് ചൂട് കൂടുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി വ്യക്തമാക്കി. പകൽ രാജ്യത്തെ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്നാണ് വിലയിരുത്തൽ. അതോടൊപ്പം കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും അധികൃതർ അറിയിച്ചു.
അബുദാബിയിലെ രണ്ട് പ്രദേശങ്ങളായ മെസൈറ, ഗസ്‌യുറ എന്നിവിടങ്ങളിലാണ് താപനില 50 ഡിഗ്രി കടക്കുകയെന്നാണ് റിപ്പോർട്ട്. അതേസമയം, ദുബായിൽ താപനില 41 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. അതോടൊപ്പം മിതമായ കാറ്റിനും ചില സ്ഥലങ്ങളിൽ മണൽ കാറ്റ് വീശാനും സാധ്യതയുണ്ട്.
യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസ് കവിഞ്ഞിരുന്നു. തുടർച്ചയായ രണ്ട് ദിവസങ്ങളിലാണ് രാജ്യത്ത് താപനില ഉയർന്നുനിന്നത്. ചൂട് വർധിക്കുന്നതിനാൽ പകൽ സമയത്ത് പുറത്തിറങ്ങുന്നവർ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും അധികൃതർ നിർദേശിച്ചു.