ഖത്തറിൽ ചൂട് അതിശക്തമാകുകയാണ്. വരും ദിവസങ്ങളിൽ രാജ്യത്ത് താപനില ഗണ്യമായി ഉയരുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്. ഇന്ന് മുതൽ ഖത്തറിലെ അന്തരീക്ഷ താപനില ഉയരുന്നതിനും അന്തരീക്ഷത്തിലെ ഈർപ്പം കൂടുന്നതിനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
വരുന്ന 13 ദിവസത്തെ കാലയളവിൽ രാജ്യത്ത് ചൂട് ശക്തമാകുമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്. ഈ കാലയളവിൽ പ്രാദേശികമായി സിമൂം എന്ന പേരിൽ അറിയപ്പെടുന്ന വളരെയധികം ചൂടുള്ളതും, വരണ്ടതുമായ കാറ്റ് പകൽ സമയങ്ങളിൽ വ്യാപകമായി അനുഭവപ്പെടുമെന്നും അധികൃതർ വ്യക്തമാക്കി.
പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കണമെന്നും നിർദേശമുണ്ട്. ശക്തമായ ചൂടിൽ ശരീരത്തിലെ ജലാംശം കുറയാൻ സാധ്യതയുള്ളതിനാൽ ഇടയ്ക്കിടെ ആവശ്യമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണമെന്നും ജലാംശം ഉൾപ്പെട്ട ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കണമെന്നും ആരോഗ്യ വിദഗ്ധർ അറിയിച്ചു.