മക്കയിൽ അസഹനീയമായ രീതിയിലാണ് ചൂട് വർധിക്കുന്നത്. കനത്ത ചൂടിൽ 569 തീർത്ഥാടകർക്ക് സൂര്യാഘാതവും തളർച്ചയും നേരിട്ടു. ഇതിനിടെ 22ഓളം പേരാണ് സൗദിയിൽ മരണപ്പെട്ടത്. ഇതിൽ പലരുടെയും മരണ കാരണം ശക്തമായ ചൂടാണെന്നാണ് റിപ്പോർട്ട്. സൂര്യാഘാതമേറ്റവർക്ക് ആവശ്യമായ ചികിത്സയും പരിചരണവും നൽകിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ചൂട് ശക്തമാകുന്നതോടെ തീർത്ഥാടകർ ഉൾപ്പെടെയുള്ളവർ കുടകളില്ലാതെ പുറത്തിറങ്ങരുതെന്നും ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്നും ആരോഗ്യ മന്ത്രാലയം അധികൃതർ അവശ്യപ്പെട്ടു. അതോടൊപ്പം രാവിലെ 11-നും ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കും ഇടയിൽ പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിക്കുകയും ക്ഷീണവും തളർച്ചയുമുണ്ടാകാതിരിക്കാൻ തുടർച്ചയായി കർമ്മങ്ങൾ ചെയ്യാതെ ഇടവേളകളെടുത്ത് വിശ്രമിക്കുകയും വേണമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
ഇത്തവണത്തെ ഹജ്ജ് സീസണിന്റെ പ്രധാന വെല്ലുവിളി അസഹനീയമായ ചൂടാണ്. ഓരോ ദിവസവും താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലായാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. ശനിയാഴ്ച അറഫാത്ത് പർവ്വതത്തിൽ 46 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നിരുന്നു. തീർത്ഥാടകരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ചൂട് ലഘൂകരണ നടപടികൾ സൗദി നടപ്പാക്കിയിരുന്നു. ഇതിന്റെ ഭാഗമായി കുടിവെള്ളം വിതരണം ചെയ്യുന്നുമുണ്ട്.