കേരളത്തിൽ താപനില നാലാ ഡിഗ്രി ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്നും നാളെയും താപനില സാധാരണയേക്കാള്‍ നാല് ഡിഗ്രി കൂടാൻ സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്. താപനില 39 ഡിഗ്രി മറികടക്കാൻ സാധ്യതയുള്ളതായും മുന്നറിയപ്പ്. കോട്ടയം, കോഴിക്കോട് ജില്ലകളില്‍ താപനില 37 ഡിഗ്രി വരെ ഉയർന്നേക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ബുധനാഴ്ച രാജ്യത്താകമാനം റെക്കോഡ് ചൂടാണ് അനുഭവപ്പെട്ടത്. സംസ്ഥാനത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് 39 ഡിഗ്രിയാണ്. പാലക്കാട്, കരിപ്പൂര്‍ വിമനാത്താവളം എന്നിവിടങ്ങളിലാണ് ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന് ചൂട് രേഖപ്പെടുത്തിയിരിക്കുന്നത് മധ്യപ്രദേശിലെ രാജ്ഗഡിലാണ്. 43 ഡിഗ്രി.
അതേസമയം അള്‍ട്രാവയലറ്റ് വികിരണ തോത് അപകടനിലയിലായതിനാല്‍ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കരുതെന്ന് കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി. വേനല്‍ ചൂട് ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പകല്‍ 11 മണി മുതല്‍ മൂന്ന് മണിവരെ നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് പ്രധാന നിർദേശം. നിർജ്ജലീകരണം തടയാൻ വേണ്ട മുൻകരുതലുകളും സ്വീകരിക്കണം.