ആരോഗ്യരംഗത്തും വിദ്യഭ്യാസമേഖലയിലും മഹത്തായ മാതൃകകളാണ് കേരളം സൃഷ്ടിച്ചതെന്നും അതാണ് യഥാർത്ഥ കേരളാ സ്റ്റോറിയെന്നും ആർജെഡി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. ‘നമ്മുടെ രാജ്യത്തെ ജനങ്ങളുടെ സമാധാനപൂർവമായ സഹവർത്തിത്വമല്ല കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നത്. പട്ടികവർഗ- ഒബിസി വിഭാഗങ്ങളുടെ അവകാശങ്ങളെ കുറിച്ച് ബിജെപിയ്ക്കു ചിന്തയില്ല. ഇതിനാലാണ് ജാതി സെൻസസ് എന്ന ആവശ്യം ബിജെപി നിരാകരിക്കുന്നത്. ബിജെപി കേന്ദ്രം ഭരിച്ച കഴിഞ്ഞ ഒമ്ബതു വർഷങ്ങളിലും രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളുടെ നേർക്ക് വലിയ തോതിലുള്ള കടന്നാക്രമണമാണ് നടന്നു കൊണ്ടിരിക്കുന്നത്’.- തേജസ്വി യാദവ് പറഞ്ഞു.
അനീതിയ്ക്കെതിരെയുള്ള പോരാട്ടത്തിൽ കമ്മ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും ഒന്നിച്ചു പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. എൽജെഡിയുടെ എംപി വീരേന്ദ്രകുമാർ അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.’ഇന്ന് കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നയങ്ങൾ മതപരവും സാമുദായികവുമായ ധുവ്രീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്. കേരളത്തിലുൾപ്പടെ പ്രതിപക്ഷ പാർട്ടികളെ വേട്ടയാടാൻ ദേശീയ ഏജൻസികളെ ബിജെപി ഉപയോഗിക്കുകയാണ്. ജുഡീഷ്യറിയ്ക്കു നേരെ വരെ ബിജെപി കടന്നാക്രമണം ആരംഭിച്ചു. ഈ സാഹചര്യത്തിൽ നീതിയ്ക്കു വേണ്ടിയുള്ള പോരാട്ടത്തിൽ കമ്മ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും ഒന്നിച്ചു പ്രവർത്തിക്കണം. ആശയപരമായി രണ്ടു പ്രസ്ഥാനങ്ങളും തമ്മിൽ നിരവധി വ്യത്യാസങ്ങളുണ്ടാകും.
പക്ഷേ നമ്മുടെ രാജ്യത്തെ സാധാരണക്കാരായ ജനങ്ങളെ സംരക്ഷിക്കുക എന്ന പൊതുതാത്പര്യത്തിനു പുറത്ത് ഒന്നിച്ചു നിൽക്കണം. അത്തരത്തിലൊരു രാഷ്ട്രീയ നിലപാട് സ്വീകരിച്ചെങ്കിൽ മാത്രമേ ബിജെപിയെ തകർക്കാനാകൂ. ഇന്ന് ഇന്ത്യ നേരിട്ടു കൊണ്ടിരിക്കുന്ന വിലക്കയറ്റത്തിനും തൊഴിലായ്മയ്ക്കും സാമ്ബത്തിക പ്രതിസന്ധിയ്ക്കും പരിഹാരം കാണാനും ഇത്തരത്തിൽ ഒന്നിച്ചു നിൽക്കുന്നതിലൂടെ സാധിക്കും. ആരോഗ്യരംഗത്തും വിദ്യഭ്യാസമേഖലയിലും മഹത്തായ മാതൃകകളാണ് കേരളം സൃഷ്ടിച്ചത്. താനുൾപ്പടെയുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് അതാണ് യഥാർഥ കേരളാ സ്റ്റോറിയെന്നും തേജസ്വി യാദവ് കൂട്ടിച്ചേർത്തു.’തേജസ്വി യാദവ് പറഞ്ഞു.