സൗദി അറേബ്യയിൽ വ്യവസായ സ്ഥാപനങ്ങളുടെ മേഖലാ ആസ്ഥാനം സ്ഥാപിക്കുന്ന കമ്പനികൾക്ക് നികുതി ഇളവ് പ്രഖ്യാപിച്ചു. 30 വർഷത്തേയ്ക്കാണ് ഇളവ് ലഭിക്കുക. സാമ്പത്തിക മന്ത്രാലയത്തെയും സകാത്, ടാക്സ് ആന്റ് കസ്‌റ്റംസ് അതോറിറ്റിയെയും ഏകോപിപ്പിച്ച് സൗദി നിക്ഷേപ മന്ത്രാലയമാണ് ഈ ആനുകൂല്യം പ്രഖ്യാപിച്ചത്. രാജ്യത്തേക്ക് ബിസിനസ് സംരംഭകരെ ആകർഷിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
ബഹുരാഷ്ട്ര കമ്പനികളുടെ മേഖലാ ആസ്ഥാനം രാജ്യത്ത് സ്ഥാപിക്കുന്നത് വഴി സൗദിയുടെ വാണിജ്യ വ്യവസായ രംഗത്തെ കുതിപ്പിന് കാരണമാകുമെന്നും കമ്പനികളുടെ നിക്ഷേപം വർധിക്കുന്നത് സൗദിയുടെ സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തുമെന്നും നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ് വ്യക്തമാക്കി. നിക്ഷേപ മന്ത്രാലയത്തിന്റെയും റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റിയുടെയും ആശയമാണ് ഈ പദ്ധതി.
ഇതിനിടെ സൗദി സർക്കാറിന്റെ കരാറുകൾ നേടാൻ ആഗ്രഹിക്കുന്ന വിദേശകമ്പനികൾക്ക് തങ്ങളുടെ പ്രാദേശിക ആസ്ഥാനം റിയാദിലേക്ക് മാറ്റുന്നതിനുള്ള സമയപരിധി ജനുവരിയിൽ അവസാനിക്കും. ഇതിൽ വീഴ്ച വരുത്തുന്ന വിദേശ കമ്പനികൾക്ക് സർക്കാർ കരാറുകൾ നഷ്ടമാകും. 2021 ഫെബ്രുവരിയിലാണ് സൗദി അറേബ്യയിൽ പ്രാദേശിക ആസ്ഥാനം ഇല്ലാത്ത വിദേശകമ്പനികൾക്ക് സർക്കാർ കരാറുകൾ നൽകുന്നത് ഒഴിവാക്കാൻ തീരുമാനിച്ചത്.