ബഹ്റൈനിൽ പ്രവാസികൾ അവരുടെ നാടുകളിലേക്ക് അയക്കുന്ന പണത്തിന് രണ്ട് ശതമാനം ടാക്സ് ഏർപ്പെടുത്തണം എന്ന പാർലമെന്റ് നിർദേശം ശൂറ കൗൺസിൽ ചർച്ച ചെയ്ത് തള്ളി. രാജ്യത്തെ സാമൂഹിക മേഖലയിലും സാമ്പത്തിക രംഗത്തും ഈ നിയമം പ്രതികൂലമായി ബാധിക്കുമെന്നാണ് ശൂറ കൗൺസിൽ അംഗങ്ങൾ അഭിപ്രായപ്പെട്ടത്. മാത്രമല്ല, ബഹ്റൈനിൽ നിന്നും നിയമ വിധേയമായി അയക്കുന്ന പണത്തിൽ കുറവുണ്ടാവുകയും നിയമ വിരുദ്ധ വഴികളിലൂടെ പണം അയക്കപ്പെടുകയും ചെയ്യുന്ന സാഹചര്യവും ഇതുമൂലമുണ്ടാവും.
അതേസമയം കള്ളപ്പണ ഇടപാടുകൾ വർധിക്കുകയും രാജ്യത്തിന്റെ പദവിയ്ക്കും പ്രശസ്തിക്കും മങ്ങലേൽക്കുമെന്നും ശൂറ കൗൺസിൽ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര കരാറുകൾ, നിക്ഷേപകരെ ആകർഷിക്കൽ,നിക്ഷേപ സുരക്ഷിതത്വം എന്നിവയ്ക്ക് മങ്ങൽ ഏൽപ്പിക്കുന്നതുമാണിത്. വിദേശ നിക്ഷേപ പദ്ധതികളിലൂടെ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ വർധിക്കുന്ന സാഹചര്യത്തിന് മങ്ങലേൽക്കുമെന്നും ശൂറ കൗൺസിൽ ചൂണ്ടിക്കാട്ടി. പാർലമെന്റ് നിർദേശങ്ങൾ ശൂറ കൗൺസിൽ പാസാക്കിയെങ്കിൽ മാത്രമേ മന്ത്രിസഭയിൽ ചർച്ചയ്ക്ക് വരുകയുള്ളു.