ഏറെ പുതുമകളുമായി ഖത്തർ ജനറൽ ടാക്സ് അതോറിറ്റി (ജി.ടി.എ). പുതിയ വെബ്സൈറ്റ് പുറത്തു വിട്ടിരിക്കുകയാണ് അതോറിറ്റി. നികുതിദായകർക്കും മറ്റു ഉപഭോക്താക്കൾക്കും നൂതന ഡിജിറ്റൽ അനുഭവം നൽകുന്നതാണ് ജി. ടി. എ യുടെ പുതിയ വെബ്സൈറ്റ്. ഉന്നത നിലവാരം പുലർത്തി അത്യാധുനിക ഇലക്ട്രോണിക് ഡിസ്പ്ലേ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുകൊണ്ടു ള്ള അനായാസ ബ്രൗസിങ്ങും വെബ്സൈറ്റ് ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
പുതിയ വെബ്സൈറ്റിലൂടെ നികുതി സംവിധാനത്തിന്റെ കാര്യക്ഷമത കൂടുതൽ മെച്ചപ്പെടുത്തുന്നതിനോടൊപ്പം നികുതിദായകരുടെ സംതൃപ്തിയും വർധിപ്പിക്കുക എന്നതാണ് ജി.ടി.എയുടെ ലക്ഷ്യം. നവീകരിച്ച ജി.ടി.എ വെബ്സൈറ്റ് gta.gov.qa മികച്ച ഡിജിറ്റൽ ഇടപഴകൽ പ്ലാറ്റ്ഫോമാണ് മുന്നോട്ട് വെക്കുന്നത്. സുതാര്യത ഉറപ്പാക്കാനും നികുതി വിവരങ്ങളിലേക്കും സേവനങ്ങളിലേക്കും പ്രവേശനം സുഗമമാക്കുന്നതിനും ഇതിലൂടെ സാധിക്കും.