‘ദ കേരള സ്റ്റോറി’യുടെ പ്രദർശനം പിൻവലിച്ച് തമിഴ്നാട് മൾട്ടിപ്ലക്സ് അസോസിയേഷൻ. പൊതുജനങ്ങളിൽനിന്നുള്ള സ്വീകാര്യതക്കുറവും ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടായേക്കാമെന്ന കാരണത്താലുമാണ് മുഴുവൻ ഷോകളും റദ്ദാക്കാൻ തീരുമാനിച്ചതെന്ന് അസോസിയേഷൻ പറയുന്നു.
ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ മറ്റ് തീയേറ്ററുകൾ നേരത്തെ തന്നെ സിനിമ പ്രദർശിപ്പിക്കുന്നതിൽനിന്ന് പിന്മാറിയിരുന്നു. സിനിമ റിലീസായ ദിവസം മുതൽ ചിത്രത്തിലെ ഇസ്‌ലാമോഫോബിക് പരാമർശങ്ങൾതിരെ നിരവധി പ്രതിഷേധങ്ങളാണ് തമിഴ്നാട്ടിലുടനീളം നടന്നത്. മുൻകൂട്ടി ബുക്ക് ചെയ്ത ആളുകൾക്ക് പണം തിരികെ നൽകുമെന്നും അസോസിയേഷൻ വ്യക്തമാക്കി.
ചെന്നൈയിലെ അണ്ണാനഗറിലെ ഒരു മൾട്ടിപ്ലക്‌സ് തീയേറ്ററിന് പുറത്ത് നാം തമിഴർ കച്ചി (എൻടികെ) പാർട്ടി നടത്തിയ പ്രതിഷേധമാണ് ഏറ്റവും ഒടുവിലത്തേത്. സിനിമ നിരോധിക്കണമെന്നായിരുന്നു പാർട്ടി നേതാവ് സെന്തമിഴൻ സീമാന്റെ ആവശ്യം.