ജോലിക്കായി നാല് ദിവസം മുമ്പ് കുവൈറ്റിലെത്തിയ യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തി. തമിഴ്നാട് സ്വദേശി മുത്തുകുമാരന്‍ (30) ആണ് മരിച്ചത്. തൊഴില്‍ തട്ടിപ്പിന് ഇരയായ വിവരം അധികൃതരെ അറിയിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് തൊഴിലുടമ വെടിയുതിര്‍ത്തത്.
റിക്രൂട്ടിംഗ് ഏജന്‍സിയുടെ സഹായത്തോടെ വീട്ട് ജോലിയ്ക്കായാണ് മുത്തുകുമാരന്‍ കുവൈറ്റിലെത്തിയത്. എന്നാല്‍ തൊഴിലുടമ യുവാവിനെ ആടുമേയ്ക്കല്‍ ജോലിക്ക് നിയോഗിക്കുകയായിരുന്നു. തട്ടിപ്പ് തിരിച്ചറിഞ്ഞ യുവാവ് എംബസി അധികൃതരെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് കൊലപാതകം.
സബാഹ് അൽ അഹ്മദിലെ മരുഭൂമിയിലെ മസ്റയിലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഇക്കഴിഞ്ഞ മൂന്നാം തിയതിയാണ് മുത്തുകുമാരന്‍ കുവൈറ്റിലേക്ക് പോയത്. ഏഴാം തിയതി മുതൽ മുത്തുകുമാരനെ ഫോണിൽ കിട്ടുന്നില്ലെന്ന് കുടുംബം പൊലീസിൽ പരാതി നല്‍കിയിരുന്നു.
തൊഴില്‍ തട്ടിപ്പിന് ഇരയായെന്നും ഭക്ഷണവും വെളളവും നിഷേധിച്ചെന്നും മുത്തുകുമാരന്‍ അറിയിച്ചിരുന്നതായി ഭാര്യ വിദ്യ പൊലീസിനെ അറിയിച്ചിരുന്നു. യുവാവിന് മണലില്‍ കിടന്ന് ഉറങ്ങേണ്ടി വന്നെന്നും വിദ്യ പറയുന്നു. തമിഴ്നാട് മുഖ്യമന്ത്രിയോട് സഹായം തേടിയിട്ടുണ്ടെന്നും വിദ്യ മാധ്യമങ്ങളെ അറിയിച്ചു.