സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച് ഒമാനും ഇന്ത്യയും തമ്മിൽ ചർച്ച. ന്യൂഡൽഹിയിൽ നടന്ന ജി20 വ്യാപാര, നിക്ഷേപ മന്ത്രിമാരുടെ യോഗങ്ങളിൽ പങ്കെടുക്കുന്നതിനിടെയാണ് ഇക്കാര്യം ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഇസ് ബിൻ മുഹമ്മദ് അൽ യൂസുഫ് വെളിപ്പെടുത്തിയത്.
കരാർ ഒപ്പിടുന്നത് പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണെന്നെന്നും അദ്ദേഹം വ്യക്തമാക്കി. 2020-2021 സാമ്പത്തിക വർഷത്തിൽ ഉഭയകക്ഷി വ്യാപാരം 5.4432 ബില്യൺ ഡോളറായിരുന്നു. 2021-2022 വർഷത്തിൽ ഉഭയകക്ഷി വ്യാപാരം 9.988 ബില്യൺ ഡോളറിലും 2022-2023 (ഏപ്രിൽ-ജനുവരി) 10.659 ബില്യൺ ഡോളറിലും എത്തി. ഒമാനിൽ 6000ത്തിലധികം ഇന്ത്യ-ഒമാൻ സംയുക്ത സംരംഭങ്ങളുണ്ട്.
ലോക വ്യാപാര സംഘടനയുടെ പരിഷ്‌കരണം, വ്യാപാര ലോജിസ്റ്റിക് സേവനങ്ങൾ, ആഗോള വ്യാപാരത്തിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ സംയോജനം എന്നിവയടക്കം യോഗത്തിൽ മന്ത്രിമാർ നിരവധി വിഷയങ്ങൾ ചർച്ചചെയ്തിട്ടുണ്ട്.ഇതിൻറെ പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി വ്യാപാരത്തിൽ വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കുന്ന സ്വതന്ത്ര വ്യാപാര കരാർ ചർച്ചയായിരിക്കുന്നത്.