ഉത്തർപ്രദേശിലെ ഗ്യാൻവാപി മസ്ജിദിലെ പുരാവസ്തു വകുപ്പ് സർവേക്ക് സുപ്രീം കോടതി സ്റ്റേ. ബുധനാഴ്ച 5 മണി വരെ സർവേ നടത്തരുതെന്ന് ഉത്തരവിൽ കോടതി പറഞ്ഞു. സർവേ നടത്താനുള്ള വാരണാസി ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാൻ പള്ളി മാനേജ്മെന്റ് കമ്മിറ്റിയോട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. അതുവരെ തൽസ്ഥിതി തുടരണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് ഗ്യാൻവാപി മസ്ജിദിൽ ശാസ്ത്രീയ പരിശോധന ആരംഭിച്ചത്. ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന ജലധാര ഒഴിവാക്കിയാണ് പരിശോധന നടന്നിരുന്നത്. വാരാണസി ജില്ലാകോടതിയുടെ ഉത്തരവ് പ്രകാരമായിരുന്നു സർവേ. നാല് സ്ത്രീകളുടെ ഹർജി പരിഗണിച്ചാണ് വാരണാസി ജില്ലാ കോടതി കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് തടയണമെന്നാവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
നാളെ തന്നെ അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാനാണ് പള്ളി കമ്മിറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലൈ 26-ന് മുൻപ് വാദം കേൾക്കണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിസ്ര എന്നിവരാണ് ഹർജി പരിഗണിച്ചത്. ഹിന്ദു ക്ഷേത്രം നിലനിന്ന സ്ഥലത്താണു പള്ളി നിർമിച്ചതെന്നു ചൂണ്ടിക്കാട്ടി, സമ്പൂർണ സർവേ വേണമെന്ന ഹർജിക്കാരുടെ ആവശ്യം പരിഗണിച്ചാണു സ്ഥലത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ശാസ്ത്രീയ പരിശോധനയ്ക്കു വാരാണസി ജില്ലാക്കോടതി അനുമതി നൽകിയത്. കേടുപാടുണ്ടാകുമെന്നതിനാൽ സർവേ ഒഴിവാക്കണമെന്ന മുസ്ലിം വിഭാഗത്തിന്റെ ആവശ്യം അവഗണിച്ചാണ് കോടതി സർവേയ്ക്ക് അനുമതി നൽകിയത്. ശരിയായ വസ്തുതകൾ പുറത്തുവരാൻ ശാസ്ത്രീയ പരിശോധന ആവശ്യമാണെന്നായിരുന്നു ഉത്തരവ് പുറപ്പെടുവിക്കവേ കോടതി പറഞ്ഞത്.