രാജ്യത്തെ ദത്തടുക്കല്‍ പ്രക്രിയ ലളിതമാക്കണമെന്ന് സുപ്രീം കോടതി മൂന്നംഗ ബഞ്ച്. ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എ.എസ്. ബൊപ്പണ്ണ, ജെബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നിര്‍ദ്ദേശം. ഇന്ത്യയില്‍ ദത്തെടുക്കല്‍ നടപടികൾ പൂര്‍ത്തിയാക്കാന്‍ മൂന്ന് മുതല്‍ നാല് വര്‍ഷംവരെ വേണ്ടിവരുന്നെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെഎം നടരാജിനോട് സുപ്രീം കോടതി ബെഞ്ച് പറഞ്ഞു.
രാജ്യത്ത് ലക്ഷക്കണക്കിന് കുട്ടികൾ അനാഥരായുണ്ട്. ദത്തെടുക്കാന്‍ തയ്യാറായി നിരവധി യുവദമ്പതികളും രംഗത്തുണ്ട്. എന്നാല്‍ നടപടികളുെട കാലതാമസവും മാനദണ്ഡങ്ങളും പ്രതസന്ധി സൃഷ്ടിക്കുന്നെന്നാണ് കോടതി വിലയിരുത്തല്‍. അതേസമയം ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആറാഴ്ചത്തെ സമയം ആവശ്യപ്പെട്ടു.
ദ ടെംപിള്‍ ഓഫ് ഹീലിംഗ് എന്ന് എന്‍ജിഒ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക പരാമര്‍ശം. രാജ്യത്ത് ഓരോ വര്‍ഷവും 4,000 കുട്ടികളെ ദത്തെടുക്കുന്നുണ്ടെന്നും എന്നാല്‍ രാജ്യത്ത് മൂന്ന് കോടി അനാഥ കുട്ടികളുണ്ടെന്നുമാണ് സംഘടനയ്ക്ക് വേണ്ടി ഹാജരായ പീയൂഷ് സക്സേന കോടിതിയെ അറിയിച്ചത്.
സക്സേനയും ശിശുവികസന മന്ത്രാലയത്തിന്റെ ബന്ധപ്പെട്ടവരുമായുള്ള കൂടിക്കാഴ്ചയുടെ സാധ്യതകള്‍ അന്വേഷിക്കാനും ദത്തെടുക്കല്‍ ലളിതമാക്കാന്‍ അദ്ദേഹം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനും നടരാജിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ദത്തെടുക്കല്‍ നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനൊപ്പം രജിസ്‌ട്രേഷനുകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിനും സംവിധാനം ഒരുക്കണമെന്നാണ് ആവശ്യം.
രാജ്യത്ത് പുറത്ത് നിന്നുളള ദത്തെടുക്കലുകൾ വര്‍ദ്ധിക്കുകയാണെന്നും ആണ്‍കുട്ടികളെ അപേക്ഷിച്ച് രക്ഷിതാക്കൾ കൂടുതലായി പെണ്‍കുട്ടികളെയാണ് ദത്തെടുക്കുന്നതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. അതേസമയം ദത്തെടുക്കലുമായി ബന്ധപ്പെട്ട് മാതാപിതാക്കളുടെ കൗണ്‍സിലിംഗ് ശക്തമാക്കണമെന്നും ആവശ്യമുണ്ട്.