തിരഞ്ഞെടുപ്പ് കമ്മീഷന് എസ്ബിഐ കൈമാറിയ തിരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങൾ മതിയാകില്ലെന്ന് സുപ്രീംകോടതി. എന്തുകൊണ്ട് എല്ലാ രേഖകളും കൈമാറുന്നില്ലെന്ന് ചോദിച്ച കോടതി ബോണ്ട് നമ്പറുകൾ കൈമാറാത്തതിൽ എസ്ബിഐക്ക് നോട്ടീസ് അയച്ചു. നമ്പറുകൾ വെളിപ്പെടുത്തിയാൽ ബോണ്ട് വാങ്ങിയവർ ആർക്കാണ് നൽകിയതെന്ന് വ്യക്തമാകും. തിരഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും തെരെഞ്ഞെടുപ്പ് കമ്മീഷന് കൈമാറാനായിരുന്നു തങ്ങളുടെ ഉത്തരവെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. എന്നാൽ തിരഞ്ഞെടുപ്പ് ബോണ്ട് നമ്പർ എസ്ബിഐ കമ്മീഷന് കൈമാറിയിട്ടില്ലെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കപിൽ സിബലും, അഭിഭാഷകൻ പ്രശാന്ത് ഭൂഷണും ചൂണ്ടിക്കാട്ടി.
നേരത്തെ എസ്ബിഐ കൈമാറിയ വിവരങ്ങൾ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചിരുന്നു. തിരഞ്ഞെടുപ്പ് ബോണ്ട് നമ്പർ കൈമാറാത്തത് എന്ത് കൊണ്ടാണെന്ന് തിങ്കളാഴ്ചക്കകം അറിയിക്കാൻ സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. കേസ് തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.ഇതിനിടെ മുദ്ര വച്ച കവറിൽ തങ്ങൾ കൈമാറിയ രേഖകൾ തിരികെ നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. രേഖകളുടെ പകർപ്പ് തങ്ങളുടെ പക്കൽ ഇല്ലെന്നായിരുന്നു കമ്മീഷന്റെ വിശദീകരണം. എന്ത് കൊണ്ടാണ് പകർപ്പ് എടുത്ത് സൂക്ഷിക്കാത്തത് എന്ന് കോടതി ആരാഞ്ഞു. തുടർന്ന് പകർപ്പ് എടുത്തതിന് ശേഷം ഒറിജിനൽ തിരികെ നൽകാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. രേഖകളുടെ കോപ്പിയെടുത്ത ശേഷം നാളെ വൈകീട്ട് അഞ്ചിനകം തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും.
കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച തിരഞ്ഞെടുപ്പ് കടപ്പത്രം വാങ്ങിയ കമ്പനികളുടെ പട്ടിക പുറത്തുവിട്ടത്.അതിൽ ഏറ്റവും കൂടുതൽ പണം നൽകിയത് ഫ്യൂച്ചർ ഗെയ്മിങ് ആൻഡ് ഹോട്ടൽ സർവീസസ് എന്ന കമ്പനിയാണ്. 1368 കോടി രൂപയാണ് പ്രസ്തുത കമ്പനി രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയത്. കോടികൾ നൽകിയ മറ്റു കമ്പനികൾ ഇതൊക്കെയാണ്
മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ– 966 കോടി രൂപ
ക്വിക് സപ്ലൈ ചെയ്ൻ പ്രൈവറ്റ് ലിമിറ്റഡ്– 410 കോടി രൂപ
വേദാന്ത ലിമിറ്റഡ്– 400 കോടി രൂപ
ഹാൽദിയ എലർജി ലിമിറ്റഡ്– 377 കോടി രൂപ
ഭാരതി ഗ്രൂപ്– 247 കോടി രൂപ
എസ്സൽ മൈനിങ് ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ്–224 കോടി രൂപ
വെസ്റ്റേൺ യുപി പവർ ട്രാൻസ്മിഷൻ കമ്പനി– 220 കോടി രൂപ
കെവന്റർ ഫുഡ് പാർക് ഇൻഫ്രാ ലിമിറ്റഡ്– 195 കോടി രൂപ
മദൻലാൽ ലിമിറ്റഡ്– 185 കോടി രൂപ