യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നടൻ സിദ്ദിഖിൻ്റെ അറസ്റ്റ് താത്ക്കാലികമായി തടഞ്ഞ് സുപ്രീംകോടതി. കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവിൽ കഴിയുന്നതിനിടെയാണ് സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ട് സുപ്രീം കോടതി ഉത്തരവുണ്ടാകുന്നത്.
രണ്ടാഴ്ചയ്ക്ക് ശേഷം സിദ്ദിഖ് നൽകിയ മുൻകൂർ ജാമ്യ ഹർജി സുപ്രീം കോടതി വീണ്ടും പരിഗണിക്കും. അതുവരെയാണ് അറസ്റ്റ് തടഞ്ഞത്. അന്വേഷണവുമായി സഹകരിക്കണമെന്ന് സിദ്ദീഖിന്റെ അഭിഭാഷകരോടു കോടതി നിർദേശിച്ചു. അതിനാൽ, നടനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തിൽ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ സിദ്ദിഖ് നിർബന്ധിതനായേക്കും.
സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്ത് 2016-ൽ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ മുറിയിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നാണ് അതിജീവതയുടെ പരാതി. കടുത്ത കുറ്റങ്ങൾ ആരോപിക്കപ്പെട്ട് ഒളിവിൽ കഴിയുന്ന നടനെ പിടികൂടാത്തതിൽ പൊലീസിനെതിരെ രൂക്ഷവിമർശനവും ഉയർന്നിരുന്നു. അതിനിടയിലാണ് ഇടക്കാല ജാമ്യം ലഭിച്ചിരിക്കുന്നത്.