ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള ‘പതഞ്ജലി’ ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾക്കെതിരെ സുപ്രീംകോടതി. തെറ്റിദ്ധരിപ്പിക്കുന്നതോ തെറ്റായ അവകാശവാദങ്ങളോ നൽകുന്ന പരസ്യങ്ങൾ പാടില്ലെന്നാണ് സുപ്രീംകോടതിയുടെ നിർദേശം. ഇത്തരം പരസ്യങ്ങൾ നൽകിയാൽ കനത്ത പിഴ ചുമത്തുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകി.
പതഞ്ജലി ഉൽപ്പന്നങ്ങൾക്കെതിരെ ഐ.എം.എ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നിർദേശം. ഇത്തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന ഓരോ പരസ്യങ്ങൾക്കും ഒരുകോടി രൂപ വീതം പിഴ ചുമത്തുമെന്നാണ് കോടതിയുടെ മുന്നറിയിപ്പ്. നേരത്തേ ബിഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പതഞ്ജലി ഉൽപ്പന്നങ്ങൾക്കെതിരെ നിരവധി കേസുകൾ ഉണ്ടായിരുന്നു.
ആയുർവേദത്തെ കൂടുതൽ പ്രൊമോട്ട് ചെയ്യാൻ ആധുനിക വൈദ്യശാസ്‍ത്രത്തെ ഇകഴ്ത്തിക്കാട്ടുകയാണ് പതഞ്ജലി പരസ്യങ്ങളിലൂടെ ചെയ്യുന്നത് എന്നാണ് ഐ.എം.എ ആരോപിച്ചത്. മാത്രമല്ല, കോവിഡ് കാലത്ത് പ്രതിരോധ പ്രവർത്തനങ്ങളിൽ അലോപ്പതി ഡോക്ടർമാർക്ക് പാളിച്ച പറ്റിയെന്നും പതഞ്ജലി പ്രചരിപ്പിച്ചിരുന്നു. ഇത് അംഗീകരിക്കാനാവില്ല എന്നാണ് ജസ്റ്റിസ് അമാനുല്ല അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടിയത്.