യുഎഇയിൽ കൊടുംചൂടിന് വിട പറഞ്ഞ് ശരത്കാലം ഇന്ന് ആരംഭിച്ചു. ഇന്നലെയായിരുന്നു രാജ്യത്ത് വേനൽക്കാലത്തിന്റെ അവസാന മണിക്കൂർ രേഖപ്പെടുത്തിയത്. കാലാവസ്ഥാ മാറ്റത്തോടെ യുഎഇയിൽ കൊടുംചൂടിന് ശമനമുണ്ടാകുമെന്നാണ് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചിരിക്കുന്നത്. അതിനാൽ താപനില കുറയുമെന്ന പ്രതീക്ഷയിലാണ് യുഎഇ നിവാസികൾ.
വരും ദിവസങ്ങളിൽ യുഎഇയിൽ ഭാഗികമായോ പൂർണ്ണമായോ മേഘാവൃതമായ കാലാവസ്ഥയുണ്ടാകാനാണ് സാധ്യതയെന്ന് അധികൃതർ വിലയിരുത്തി. പകൽ സമയത്ത് നേരിയ കാറ്റും ആഴ്ചയിലെ ചില ദിവസങ്ങളിൽ അതിരാവിലെ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ താപനില 25 ഡിഗ്രി സെൽഷ്യസ് വരെ കുറയും. ചൂട് കൂടുന്ന സന്ദർഭത്തിൽ പരമാവധി 46 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ശരത്കാലം ആരംഭിച്ചതോടെ വിനോദസഞ്ചാരികളെ ആകർഷിക്കാൻ രാജ്യത്തെ വിവിധ പാർക്കുകളും അധികംവൈകാതെ പ്രവർത്തനം ആരംഭിക്കും.