യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽനെയാദി ഇന്റർനാഷണൽ ബഹിരാകാശ നിലയത്തിൽ (ISS) നടത്തിയത് 200-ലധികം നൂതന ഗവേഷണ പരീക്ഷണങ്ങൾ. ISSലെ 6 മാസത്തെ ബഹിരാകാശ ദൗത്യത്തിനിടെ, സുൽത്താൻ അൽനെയാദി 10 അന്താരാഷ്ട്ര ബഹിരാകാശ ഏജൻസികളുമായി സഹകരിച്ച് ഏകദേശം 585 മണിക്കൂർ എടുത്താണ് 200 നൂതന ഗവേഷണ പരീക്ഷണങ്ങളും പഠനങ്ങളും നടത്തിയത്.
യു.എ.ഇയിലെയും ലോകമെമ്പാടുമുള്ള ശാസ്ത്ര സമൂഹത്തെയും ഗവേഷകരെയും വിദ്യാർത്ഥികളെയും ദൗത്യത്തിന്റെ അവിഭാജ്യ ഘടകമായി മാറുന്നതിന് സഹായിക്കുന്നതിൽ ഈ പരീക്ഷണങ്ങൾ നിർണായകമാണ്. പ്രോട്ടീൻ ക്രിസ്റ്റലൈസേഷൻ വളർച്ച, എപ്പിജെനെറ്റിക്സ്, രോഗപ്രതിരോധ സംവിധാനം, ഫ്ളൂയിഡ് ഡൈനാമിക്സ്, പ്ലാന്റ് ബയോളജി, ഹ്യൂമൻ ലൈഫ് സയൻസസ്, മെറ്റീരിയൽ സയൻസ്, സ്ലീപ്പ് അനാലിസിസ്, റേഡിയേഷൻ, നൂതന പര്യവേക്ഷണ സാങ്കേതികവിദ്യകൾ എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങളാണ് പരീക്ഷണങ്ങളിൽ ഉൾപ്പെടുത്തിയത്.
6 മാസത്തെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ അറബ് ബഹിരാകാശ ദൗത്യം പൂർത്തിയാക്കിയതിന് ശേഷം, അൽ നെയാദി സെപ്റ്റംബർ 4 ന് ഭൂമിയിലെത്തും. 7 മണിക്കൂർ ബഹിരാകാശ നടത്തം പൂർത്തിയാക്കിയ ആദ്യത്തെ അറബ് വംശജൻ എന്നതുൾപ്പെടെ, ഈ ദൗത്യത്തിനിടെ അൽനെയാദി നിരവധി നേട്ടങ്ങങ്ങളാണ് കൈവരിച്ചത്.”എ കോൾ ഫ്രം സ്പേസ്” എന്ന പേരിൽ 19 വിദ്യാഭ്യാസ, കമ്മ്യൂണിറ്റി ഔട്ട്റീച്ച് ഇവന്റുകളിൽ അൽനെയാദി സംവദിച്ചു.