ആറ് മാസത്തെ ദൌത്യം പൂർത്തിയാക്കി സുൽത്താൻ അൽ നെയാദി ഭൂമിയിലേക്ക് മടങ്ങിയെത്തുന്നു. നാസയുടെ ബഹിരാകാശയാത്രികരായ സ്റ്റീഫൻ ബോവൻ, വാറൻ ഹോബർഗ്, റോസ്‌കോസ്‌മോസ് ബഹിരാകാശയാത്രികൻ ആൻഡ്രി ഫെഡ്‌യേവ് എന്നിവരും മടക്കയാത്രയിലുണ്ട്. സെപ്റ്റംബർ 2-ന് സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗൺ സ്‌പേസ്‌ക്രാഫ്റ്റ് എൻഡവറിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പുറപ്പെടും. സെപ്തംബർ 3-ന് മെക്സിക്കോ ഉൾക്കടലിൽ ഫ്ലോറിഡയിലെ ടാമ്പാ തീരത്ത് സ്പ്ലാഷ് ഡൌൺ ചെയ്യും.
അതേസമയം ബഹിരാകാശ നിലയത്തിലെ സന്തോഷങ്ങൾ പങ്കുവക്കുകയാണ് സുൽത്താൻ അൽ നെയാദി. സഹയാത്രികരായാണ് ഒരുമിച്ചത്. എന്നാൽ ആറ് മാസം കൊണ്ട്
ബഹിരാകാശ നിലയത്തിലുളളവർ സഹോദരങ്ങളായി മാറിയെന്നാണ് നെയാദിയുടെ കുറിപ്പ്. പാരമ്പര്യം, സാംസ്കാരം, ശാസ്ത്രം തുടങ്ങി വിവധ അവസരങ്ങളിൽ ഒരുമിച്ച് നിൽക്കാനായതും വെല്ലുവിളികളും ദൌത്യങ്ങളും ഒന്നിച്ച് ഏറ്റെടുക്കാനായതും മറക്കാനാകാത്ത നിമിഷങ്ങളാണെന്നാണ് അൽ നെയാദി കുറിച്ചത്.
ആറ് മാസത്തെ ദൌത്യം പൂർത്തിയാക്കിയ നെയാദിയും സംഘവും സെപ്റ്റംബർ 2 ശനിയാഴ്ച വൈകിട്ട് 5.5 മണിക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്കിംഗ് ചെയ്യും. ദൗത്യത്തിനിടെ ഒരു യുഎഇ ബഹിരാകാശ സഞ്ചാരി എന്ന നിലയിൽ അൽ നെയാദി നിരവധി നേട്ടങ്ങളും സ്വന്തമാക്കിയിരുന്നു. ബഹിരാകാശ നടത്തം പൂർത്തിയാക്കുന്ന ആദ്യത്തെ അറബ് വ്യക്തി, ദീർഘകാല പദ്ധതിയുടെ ഭാഗമാകുന്ന ആദ്യ അറബ് വംശജൻ എന്നിവയാണത്.
ഇരുന്നൂറിൽ അധികം ബഹിരാകാശ പരീക്ഷണങ്ങൾ പൂർത്തിയാക്കിയതിനൊപ്പം ‘എ കോൾ ഫ്രം സ്‌പേസ്’ എന്ന പേരിൽ 19 വിദ്യാഭ്യാസ പരിപാടികളും അൽ നെയാദി ബഹിരാകാശ നിലയത്തിൽനിന്ന് നടത്തി. തിരികെയെത്തുന്ന അൽ നെയാദിക്ക് വൻ വരവേൽപ്പ് നൽകാനൊരുങ്ങുകയാണ് യുഎഇ.