യുഎഇ ബഹിരാകശ സഞ്ചാരി സുൽത്താൻ അൽ നെയാദിയും സംഘാംഗങ്ങളും നാസയുടെ അന്താരാഷ്ട്ര ബഹരാകാശ നിലയത്തിലെത്തി. ഡ്രാഗൺ പേടകത്തിൽ 25 മണിക്കൂർ യാത്ര ചെയ്താണ് സംഘം അന്താരാഷ്ട്ര നിലയത്തിലെത്തിയത്. അതേസമയം നിശ്ചയിച്ച 20 മിനിറ്റ് വൈകിയാണ് പേടകത്തിന് ബഹരാകാശ നിലയവുമായുളള ഡോക്കിംഗ് പൂർത്തിയാക്കാനായത്.
ബഹിരാകാശ നിലയത്തിലെ കൊളുത്തുകൾ വിന്യസിക്കുന്നതിൽ തടസ്സമുണ്ടായതാണ് പേടകം ബഹാരാകാശ നിലയത്തിൽ ഇറക്കുന്നത് വൈകിച്ചത്. നാസയിലെ എഞ്ചിനീയർമാർ പ്രശ്നം കണ്ടെത്തുകയും വേഗം പരിഹരിക്കുകയും ചെയ്തു. ഇതിനായി നാസ സോഫ്റ്റുവെയറുകളും സ്പെയ്സ് സ്റ്റേഷനിലേക്ക് അയച്ചുനൽകിയിരുന്നു. ബഹിരാകാശ നിലയം സൊമാലിയയ്ക്ക് മുകളിലൂടെ പറക്കുന്നതിനിടെ യുഎഇ സമയം രാവിലെ 10.40നാണ് ഡോക്കിങ് നടന്നത്.
ആറു മാസം നീളുന്ന ദൗത്യമാണ് സംഘത്തിനുളളത്. യുഎസിൻ്റെ സ്റ്റീഫൻ ബോവെൻ, വാറൻ ഹൊബർഗ്, റഷ്യയുടെ ആൻഡ്രി ഫെഡ്‌യേവ് എന്നിവരുമും നെയാദിയ്ക്കൊപ്പമുണ്ട്. രാജ്യാന്തര ബഹിരാകാശ നിലയം മൂന്നു തവണ സന്ദർശിച്ചിട്ടുള്ള സ്റ്റീഫൻ ബോവെൻ ആണ് സംഘത്തിൻ്റെ തലവൻ.
ബഹിരാകാശ നിലയത്തിലെ മൈക്രോ ഗ്രാവിറ്റി ലബോറട്ടറിയിൽ ഇരുനൂറിലേറെ ശാസ്ത്ര പരീക്ഷണങ്ങളാണ് ആറ് മാസത്തിനുളളിൽ സംഘം നടത്തുക. ഇതിൽ ഇരുപത് പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകുന്നത് യുഎഇ പ്രതിനിധിയായ സുൽത്താൻ അൽ നെയാദിയാണ്. യുഎഇ ബഹിരാകാശ പരീക്ഷണങ്ങളുടെ ആക്കം കൂട്ടുന്ന ഗവേഷണങ്ങളും മനുഷ്യനെ ചന്ദ്രനിൽ എത്തിക്കുന്ന നാസയുടെ തുടർ പരീക്ഷണങ്ങളും ദൌത്യത്തിൻ്റെ ഭാഗമാണ്.
ദീർഘകാല ബഹിരാകാശ യാത്രയ്ക്ക് പുറപ്പെടുന്ന ആദ്യ യുഎഇ പൗരനെന്ന പേരും സുൽത്താൻ അൽ നെയാദി ചരിത്രത്തിൽ എഴുതിച്ചേർത്തു.അറബ് ലോകത്തിന്റെ ബഹിരാകാശ സ്വപ്നങ്ങളും നെഞ്ചേറ്റിയാണ് സുൽത്താൻ അൽ നെയാദിയും സംഘം വ്യാഴാഴ്ച ഫ്ലോറിഡയിലെ കെന്നഡി സ്പെയ്സ് സ്റ്റേഷനിൽ നിന്ന് യാത്ര തിരിച്ചത്.