വിരലുകൾ സംസാരിക്കുന്ന ഭാഷയാണ് ആംഗ്യഭാഷ. ബധിരരും മൂകരുമായവരുടെ ആശയ വിനിമയോപാധി. അത്തരത്തിലുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനും അവരുടെ ആശയ വിനിമയം കൂടുതൽ എളുപ്പമാക്കാനും ആംഗ്യഭാഷ ആപ്പുമായി എത്തിയിരിക്കുകയാണ് ഖത്തർ സാമൂഹിക വികസന, കുടുംബ ക്ഷേമ മന്ത്രാലയം. ‘സുകൂൻ’ എന്ന പേരിലാണ് പുതിയ ആപ് തയാറാക്കിയിരിക്കുന്നത്. ഖത്തർ അസിസ്റ്റീവ് ടെക്നോളജി സെന്ററുമായി (മാഡ) സഹകരിച്ച് തയാറാക്കിയ ‘സുകൂനിൽ 15,000 അറബി പദങ്ങൾഅവയുടെ ആംഗ്യത്തോടെ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ആശയവിനിമയ സാധ്യതയുടെ ഭാഗമായി പദാവലി നവീകരിക്കുക ഉൾപ്പെടെ പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തീകരിക്കാനുള്ള പ്രവർത്തനങ്ങൾ കൂടി പുരോഗമിക്കുകയാണ്. സാമൂഹിക വികസന, കുടുംബ മന്ത്രി മർയം ബിൻത് അലി ബിൻ നാസർ അൽ മിസ്നാദ് ഇത് സംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ചു. ആംഗ്യഭാഷ പഠിപ്പിക്കുകയും അത് അറബ് മേഖലയിലും ലോക രാജ്യങ്ങളിലും പ്രചരിപ്പിക്കുകയും ചെയ്യുന്ന അടിസ്ഥാന സൗകര്യം ഒരുക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് സുനൂകിന് പിന്നിൽ.
വ്യക്തികളെ കൂടുതൽ എളുപ്പത്തിൽ ആംഗ്യഭാഷ പഠിക്കാനും ബധിരരും മൂകരുമായ വ്യക്തികളുമായി ബന്ധിപ്പിക്കുന്ന ഒരു സാമൂഹിക ശൃംഖല രൂപപ്പെടുത്താനും സഹായിക്കുന്നതാണ് ‘സുകൂൻ’ ആപ്പ്. കൂടാതെ, സമൂഹവുമായുള്ള ആശയവിനിമയത്തിന്റെ സാധ്യതയും ഇത്തരക്കാരിൽ വർധിപ്പിക്കുന്നതിന് ആപ്പ് ഏറെ പ്രയോജനം ചെയ്യുമെന്നും മന്ത്രി മർയം അൽ മിസ്നാദ് കൂട്ടിച്ചേർത്തു. ഉപയോക്തൃ സൗഹൃദവും നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെയുമുള്ള വിദ്യാഭ്യാസ, വിനോദ ഉള്ളടക്കവും ആപ്പിനെ കൂടുതൽ വ്യത്യസ്തമാക്കുന്നു. നിലവിൽ 2637 പദങ്ങളും 485 വാക്യങ്ങളും വിവിധ മേഖലകളിലായി 20 വർഗീകരണങ്ങളും ഈ ആപ്പിലുണ്ട്. അറബി, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിൽ ആപ്പിൽ സെർച് ചെയ്യാനുള്ള സൗകര്യവുമുണ്ട്.