കടുത്ത ചൂടിൽ ചുട്ടുപൊള്ളുകയാണ് ഖത്തർ. 40 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെയാണ് രാജ്യത്തെ താപനില. ഈ സാഹചര്യത്തിൽ ജനങ്ങൾക്ക് ആശ്വാസമായി ചൂടിനെ പിടിച്ചുകെട്ടാൻ ശനിയാഴ്ച (ഓഗസ്റ്റ് 24) സുഹൈൽ നക്ഷത്രം ഉദിക്കും. കനത്ത ചൂട് അവസാനിക്കുന്നതിന്റെ അടയാളമായാണ് സുഹൈൽ നക്ഷത്രമുദിക്കുന്നത്. അതിനാൽ നക്ഷത്രമുദിക്കുന്നതും കാത്തിരിക്കുകയാണ് ജനങ്ങൾ.
പരമ്പരാഗതമായി അറബ് സമൂഹം കാലാവസ്ഥാ മാറ്റത്തിന്റെ പ്രതീകമായാണ് സുഹൈൽ നക്ഷത്രത്തെ കണക്കാക്കുന്നത്. സുഹൈൽ ഉദിക്കുന്നതോടെ രാത്രികാലങ്ങളിലെ ചൂടാണ് ആദ്യഘട്ടത്തിൽ കുറയുക. പിന്നീട് പതിയെ കാലാവസ്ഥ ശൈത്യത്തിന് വഴിമാറും. അത്യുഷ്‌ണം അവസാനിക്കുന്നതിൻ്റെ സൂചനകൾ ഇതിനോടകം വിവിധ ഗൾഫ് രാജ്യങ്ങളിൽ കണ്ടുതുടങ്ങിയിട്ടുണ്ട്.
സുഹൈൽ നക്ഷത്രം പ്രത്യക്ഷപ്പെട്ടാൽ തീവ്രമായ വേനൽക്കാലത്തിനും ശൈത്യത്തിനും ഇടക്കുള്ള കാലാവസ്ഥയായിരിക്കും അനുഭവിക്കാൻ സാധിക്കുക. സുഹൈൽ നക്ഷത്രം ഉദിച്ച് 100 ദിവസങ്ങൾ കഴിയുമ്പോഴാണ് ശൈത്യകാലം ആരംഭിക്കുക.