കൊടും ചൂടിന് ആശ്വാസമായി യുഎഇയിൽ സുഹൈൽ നക്ഷത്രമുദിച്ചു. അൽ ഐനിലാണ് സുഹൈൽ നക്ഷത്രം പ്രത്യക്ഷപ്പെട്ടത്. എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റിയിലെ അംഗമായ തമീം അൽ തമീമി നക്ഷത്രത്തിന്റെ ചിത്രം നിവാസികളുമായി പങ്കിട്ടു. സുഹൈൽ ഉദിച്ചതോടെ ഇനി അറബ് മേഖലയിൽ തണുപ്പ് നിറയാൻ തുടങ്ങും.
ഭൂമിയിൽ നിന്ന് 313 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന സുഹൈൽ, കരീന നക്ഷത്ര സമൂഹത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രവും രാത്രി ആകാശത്തിലെ ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ നക്ഷത്രവുമാണ്. സുഹൈൽ പരമ്പരാഗതമായി സീസണുകളുടെ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്.
പരമ്പരാഗതമായി അറബ് സമൂഹം കാലാവസ്ഥാ മാറ്റത്തിന്റെ പ്രതീകമായാണ് സുഹൈൽ നക്ഷത്രത്തെ കണക്കാക്കുന്നത്. സുഹൈൽ ഉദിക്കുന്നതോടെ രാത്രികാലങ്ങളിലെ ചൂടാണ് ആദ്യഘട്ടത്തിൽ കുറയുക. പിന്നീട് പതിയെ കാലാവസ്ഥ ശൈത്യത്തിന് വഴിമാറും.