നിലവാരമില്ലാത്ത സേവനം നൽകിയതിനേത്തുടർന്ന് സൗദിയിൽ ഹോട്ടലുകളും അപ്പാർട്മെന്റുകളും പൂട്ടിച്ചു. മക്കയിലെയും മദീനയിലെയും 330 ഹോട്ടലുകളും അപ്പാർട്മെന്റുകളുമാണ് ടൂറിസം മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അടപ്പിച്ചത്. വിനോദ സഞ്ചാരികളുടെയും സന്ദർശകരുടെയും സുരക്ഷയും സംതൃപ്‌തിയും ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് നടപടി.
2000-ലധികം ഹോട്ടലുകളിലും അപ്പാർട്ട്മെൻ്റുകളിലും നടത്തിയ പരിശോധനയുടെ ഫലമായാണ് അധികൃതർ നിയമലംഘനം കണ്ടെത്തിയത്. നിലവിൽ നടപടി നേരിട്ട സ്ഥാപനങ്ങൾ പോരായ്‌മകൾ പരിഹരിച്ചതായി തെളിയിച്ചാൽ മാത്രമേ തുടർന്ന് പ്രവർത്തിക്കുന്നതിനുള്ള അനുമതി ലഭിക്കുകയുള്ളുവെന്ന് അധികൃതർ വ്യക്തമാക്കി.
സൗദിയുടെ വിവിധ മേഖലകളിൽ ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും സന്ദർശകർക്കും 930 എന്ന നമ്പറിൽ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാൻ സാധിക്കുമെന്നും അധികൃതർ അറിയിച്ചു.