കാർട്ടൂൺ കഥാപാത്രങ്ങൾ കുട്ടികളെ വലിയ രീതിയിൽ സ്വാധീനിക്കാറുണ്ട്. എന്നാൽ ആ കഥാപാത്രങ്ങളേപ്പോലെ കുട്ടികൾ പെരുമാറാൻ തുടങ്ങിയാൽ രക്ഷിതാക്കൾ വലയും അല്ലേ. അത്തരത്തിൽ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം എറണാകുളത്തെ ആമ്പല്ലൂരിൽ നടന്നത്.
കാർട്ടൂൺ ചാനലിലെ കഥാപാത്രങ്ങളായ ഡോറയെയും ബുജിയെയും അനുകരിച്ച് നാലാം ക്ലാസുകാരായ രണ്ട് വിദ്യാർത്ഥികൾ നാടുകാണാനിറങ്ങി. സ്കൂൾ വിട്ടശേഷമാണ് രണ്ട് കൂട്ടുകാരും കൂടി വീട്ടുകാരറിയാതെ ഡോറ-ബുജി സ്റ്റൈലിൽ ഊരുചുറ്റിക്കാണാനിറങ്ങിയത്. നേരത്തേതന്നെ ട്രിപ്പിനേക്കുറിച്ച് പ്ലാൻ ചെയ്തതിനാൽ ഇരുവരും കുറച്ച് തുകയും കയ്യിൽ കരുതിയിരുന്നു.
സ്വകാര്യ ബസിൽ കയറിയ കുട്ടകൾ കുറച്ച് സമയം കറങ്ങിത്തിരിഞ്ഞ് ഒടുവിൽ ആമ്പല്ലൂരിലെത്തി. അപ്പോഴേക്കും കൈയിലെ കാശും തീർന്നു. ഇതോടെ എന്തുചെയ്യണമെന്ന് അറിയാതിരുന്ന വിദ്യാർത്ഥികൾ അളഗപ്പ പോളിടെക്നിക്കിന് സമീപത്തെ ഓട്ടോ സ്റ്റാൻഡിൽ എത്തുകയും കോക്കാടൻ ജെയ്‌സൻ എന്നയാളുടെ ഓട്ടോറിക്ഷയിൽ കയറി സമീപത്തെ കല്യാണവീട്ടിലേക്ക് പോകണമെന്നും കൈയിൽ പണമില്ലെന്നും പറഞ്ഞു. ഇതോടെ കുട്ടികളോട് സഹതാപം തോന്നിയ ജെയ്സൺ സാരമില്ല, കൊണ്ടുചെന്നാക്കാമെന്ന് മറുപടിയും നൽകി.
എന്നാൽ യാത്രയ്ക്കിടെ കുട്ടികളുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ ജെയ്സൺ ഉടൻ കുട്ടികളുടെ കയ്യിൽ നിന്ന് സ്കൂൾ ഐ.ഡി കാർഡ് വാങ്ങുകയും കാർഡിലെ ഫോൺ നമ്പറിൽ വിളിച്ച് കാര്യം പറയുകയും ചെയ്തു. ഈ സമയം കുട്ടികളെ കാണാത്തതിനാൽ അന്വേഷിച്ച് രക്ഷിതാക്കൾ സ്‌കൂളിലെത്തിയിരുന്നു. അതോടെ വിവരങ്ങൾ മനസിലാക്കിയ ജെയ്സൺ കുട്ടികളെ സുരക്ഷിതരായി രക്ഷിതാക്കൾക്കരികിൽ എത്തിക്കുകയും ചെയ്തു.