യുഎഇയിൽ പുതിയ അധ്യയനവർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. സ്കൂൾ ബസുകളിൽ കുട്ടികൾക്ക് എല്ലാവിധ സുരക്ഷയും ഒരുക്കുന്നതിനായി ബസ് ഓപ്പറേറ്റർമാർക്ക് നിർദേശം നൽകിയിരിക്കുകയാണ് അധികൃതർ.
വേനലവധി അവസാനിക്കാനിരിക്കെ സ്‌കൂൾ അധികൃതർക്കും ബസ് ഓപ്പറേറ്റർമാർക്കും കൃത്യമായ മാർഗരേഖയും കൈമാറിയിട്ടുണ്ട്. ബസുകളിൽ സുരക്ഷക്ക് ആവശ്യമായ സാങ്കേതിക സൗകര്യങ്ങൾ നിർബന്ധമായും ഏർപ്പെടുത്തണമെന്നാണ് നിർദേശം. സ്‌കൂൾ ബസുകളുടെ ക്ഷമത പരിശോധിക്കാനുള്ള സംവിധാനങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. കുട്ടികൾ വാഹനത്തിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്ന സമയത്ത് കൂടുതൽ ജാഗ്രത പുലർത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
സ്കൂൾ ബസുകളുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങളും നിർദേശങ്ങളും പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി ആർടിഎ വിദഗ്ധ സംഘത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഡ്രൈവർമാർക്കും ബസ് അറ്റൻഡർമാർക്കും പ്രത്യേക പരിശീലനം നൽകുമെന്നും ആർടിഎ അധികൃതർ വ്യക്തമാക്കി.