പത്തനംതിട്ടയിലെ അഭിരാമിയുടെ മരണത്തിൻ്റെ ഞെട്ടലിലാണ് കേരളമിപ്പോഴും. പേവിഷബാധയേറ്റ് മരണപ്പെട്ട അഭിരാമി പ്രതിരോധ കുത്തിവെയ്പ്പുകളടക്കം എടുത്തിരുന്നു. തുടർന്ന് വിഷയം സുപ്രീംകോടതിയിൽ എത്തുമ്പോൾ തെരുവ് നായ പ്രശ്നത്തിൽ ഇടക്കാല ഉത്തരവ് ഈ മാസം തന്നെ പുറത്തിറക്കുമെന്നായിരുന്നു കോടതി തീരുമാനം. എന്നാൽ അതൊന്നും കേരളത്തിലെ തെരുവ് നായ ആക്രമണത്തിന് ശക്തി കുറയ്ക്കില്ലല്ലോ. തെരുവ് നായ ആക്രമണം തുടർക്കഥയാവുകയാണ്.
കോഴിക്കോട് അരക്കിണറിൽ കുട്ടികളെ തെരുവുനായ ആക്രമിക്കുന്നതിൻ്റെ ഭയാനകമായ സിസിടിവി ദൃശ്യങ്ങൾ ഇന്ന് പുറത്തുവന്നിരുന്നു. സൈക്കിൾ ഓടിച്ചുവരുന്ന കുട്ടിയെ ചാടിവീണ് കടിച്ചുവലിക്കുന്ന നായ സമീപത്തുള്ള വീടിനുള്ളിലേക്ക് ഓടാൻ ശ്രമിക്കുമ്പോഴും ആക്രമിക്കുന്നതായി കാണാം. നിസ്കരിക്കാൻ പോകാൻ കൂട്ടുകാരനെ കാത്തിരിക്കുമ്പോഴാണ് ഇന്നലെ ഉച്ചയ്ക്ക് അരക്കിണർ ഗോവിന്ദവിലാസം സ്കൂളിന് സമീപത്തുവെച്ച് പന്ത്രണ്ടുകാരൻ നൂറാസിനെ തെരുവുനായ കടിച്ചു വലിച്ചത്.ആഴത്തിലാണ് നൂറാസിന് പരിക്കേറ്റിരിക്കുന്നത്.
അമ്മവീട്ടിൽ ഓണമവധിക്കെത്തിയ പന്ത്രണ്ടുകാരി വൈഗയേയും ഇതേ നായയാ് ആക്രമിച്ചത്. അമ്മയ്ക്കൊപ്പം ചെരുപ്പ് വാങ്ങാൻ പോകുമ്പോൾ അപ്രതീക്ഷിതമായി ചാടിവീണ നായയുടെ ആക്രമണത്തിൽ കുട്ടിക്ക് കൈയ്യിലും കാലിലും കടിയേറ്റു.മുതിർന്നവർക്ക് പോലും പുറത്തിറങ്ങാൻ ഭയമാണെന്നാണ് പരുക്കേറ്റ കുട്ടികളുടെ മാതാപിതാക്കൾ മാധ്യമങ്ങളോട് പറയുന്നത്.
കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിൽ കടിയേറ്റ സാജുദീൻ എന്നയാൾ മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. നളിനി എന്ന വീട്ടമ്മയ്ക്കും ഇതേ നായയുടെ കടിയേറ്റ് ആഴത്തിൽ മുറിവുണ്ടായിട്ടുണ്ട്.
കൊല്ലം അഞ്ചലിൽ തെരുവുനായ പിന്തുടർന്ന സ്കൂട്ടർ മറിഞ്ഞ് രണ്ടുപേർക്ക് പരുക്കേറ്റ വാർത്തയും ഇന്ന് പുറത്തുവന്നു.
തെരുവുനായ പിന്തുണ്ടരുന്നതിനിടെ സ്കൂട്ടർ മറിഞ്ഞ് അനിൽകുമാർ, സുജിത് എന്നിവർക്കാണ് പരുക്കേറ്റത്.
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തുന്ന രോഗികളെയും തെരുവ് നായ്ക്കൾ ആക്രമിക്കുകയാണ്. ആശുപത്രിക്കുള്ളിൽ പലയിടത്തും തെരുവ് നായ്ക്കൾ നിർഭയം കറങ്ങിനടക്കുന്നത് രോഗികളിലും ജീവനക്കാരിലും ഭീതി ഉയർത്തുന്നു.
നായശല്യം കൊണ്ട് പൊറുതിമുട്ടി ഒടുവിൽ സംസ്ഥാനത്ത് ആക്രമണകാരികളും പേപിടിച്ചതുമായ തെരുവുനായ്ക്കളെ കൊന്നൊടുക്കാനുള്ള അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കാൻ മന്ത്രി എം.ബി.രാജേഷ് വിളിച്ച വിവിധ വകുപ്പുകളുടെ യോഗത്തിൽ ധാരണയായിരിക്കുകയാണ്. നായ്ക്കളെ കൊല്ലുന്നതിന് നിയമ തടസ്സമുണ്ട്. തെരുവു നായ ശല്യം നിയന്ത്രിക്കാൻ ഊർജിത വാക്സിനേഷൻ ഡ്രൈവ് നടത്താനും സർക്കാർ തീരുമാനമായിട്ടുണ്ട്. ഈ മാസം 20 മുതൽ ഒക്ടോബർ 20 വരെയാണ് വാക്സിനേഷൻ ഡ്രൈവ്. ഇതിനായി പ്രത്യേക വണ്ടികൾ വാടകയ്ക്ക് എടുക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. കുടുംബശ്രീയിൽ നിന്നും കൊവിഡ് കാല സന്നദ്ധപ്രവർത്തകരിൽ നിന്നുമായി മുന്നോട്ടുവരുന്നവർക്ക് പരിശീലനം നൽകി വാക്സിനേഷൻ ഡ്രൈവിനായി നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.സ്കൂളുകൾ കേന്ദ്രീകരിച്ചാകും വാക്സിനേഷൻ ഡ്രൈവ്. തെരുവുനായ്ക്കൾ കടിച്ചാലും അപകടകരമായ സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്താതിരിക്കാനാണ് ഈ നീക്കമെന്നും മന്ത്രി എം.ബി.രാജേഷ് വ്യക്തമാക്കി.
ഉടമസ്ഥരില്ലാത്ത നായ്ക്കളെ വാക്സിനേഷന് എത്തിച്ചാൽ 500 രൂപ പാരിതോഷികം ഉണ്ടാകും. തെരുവുനായ്ക്കൾക്ക് ഓറൽ വാക്സിനേഷൻ നൽകാനുള്ള സാധ്യത പരിശോധിക്കുന്നുണ്ട്. തെരുവുനായ്ക്കളുടെ വാക്സിനേഷനായി 6 ലക്ഷം ഡോസ് നിലവിൽ കൈവശമുണ്ടെന്നും മന്ത്രി പറഞ്ഞു. ദിവസം പതിനായിരം തെരുവുനായ്ക്കളെ വാക്സിനേഷൻ നടത്താനാണ് ലക്ഷ്യം. തെരുവുനായ്ക്കളെ പാർപ്പിക്കാൻ പഞ്ചായത്ത് തലത്തിൽ ഷെൽട്ടറുകൾ തുടങ്ങുമെന്നാണ് മറ്റൊരു ഉറപ്പ്. വളർത്തു നായ്ക്കൾക്കുള്ള വാക്സിനേഷൻ ഒക്ടോബർ 30നുള്ളിൽ പൂർത്തിയാക്കുകയും ആവശ്യമെങ്കിൽ ഇതിനായി ക്യാമ്പുകൾ തുടങ്ങുകയും ചെയ്യാനാണ് തീരുമാനം.