ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ ചിത്രങ്ങളിലെല്ലാം അദ്ദേഹത്തിന്റെ കോട്ടിൻ്റെ ബട്ടനിൽ ഒരു പനിനീർ പൂവ് എപ്പോഴും കാണാം. കുട്ടികളോട് ഏറെ ഇഷ്ടമായിരുന്ന നെഹ്റുവിൻ്റെ ജന്മദിനമാണ് നാം ശിശുദിനമായി ആഘോഷിക്കുന്നത്. പനിനീർപൂവ് ഏറെ ഇഷ്ടമായിരുന്നു അദ്ദേഹത്തിൻ്റെ കോട്ടിൽ ആ പൂവ് ഇടംപിടിച്ചതിനു പിന്നിലൊരു കഥയുണ്ട്.
ഒരിക്കൽ ഒരു സാധു സ്ത്രീ നെഹ്റുവിനെ കാണാനായി അദ്ദേഹത്തിൻ്റെ ഔദ്യോഗിക വസതിയിലെത്തി. തൻ്റെ കൈയിൽ ആകെയുള്ള റോസാപ്പൂവ് പ്രധാനമന്ത്രിക്ക് സമ്മാനിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ഗേറ്റിന് മുന്നിലെ സുരക്ഷാ ഉദ്യോഗസ്ഥർ അവരെ ഉള്ളിലേക്ക് കയറ്റിവിട്ടില്ല.
തുടർച്ചയായി അവരെ പാറാവുകാർ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും അവർ പിന്മാറിയില്ല. ഒരിക്കൽ രാവിലെ ഓഫീസിലേക്ക് പോവാൻ ഇറങ്ങിയ പ്രധാനമന്ത്രി ഈ
കാഴ്ച കാണുകയായിരുന്നു. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരോട് അവരെ ഉള്ളിലേക്ക് അയയ്ക്കാൻ നെഹ്റു ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയെ കണ്ട സ്ത്രീ തൻ്റെ പക്കലുള്ള പൂവ് കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിക്ക് സമ്മാനിച്ചു. ആ പൂവെടുത്ത് കോട്ടിൻ്റെ പോക്കറ്റിൽ കുത്തിയാണ് ചാച്ചാജി അന്ന് ഓഫീസിലേക്ക് പോയത്.
വൈകീട്ട് തിരികെ വന്നപ്പോഴും ചാച്ചാജിയുടെ കോട്ടിൽ ആ റോസാപ്പൂവ് ഉണ്ടായിരുന്നു. നെഹ്റുവിന് പനിനീർപ്പൂവ് ഇഷ്ടമാണെന്ന് മനസ്സിലാക്കിയ അദ്ദേഹത്തിൻ്റെ തോട്ടക്കാരൻ പിന്നീട് എല്ലാ ദിവസവും ഒരു പൂവ് അദ്ദേഹത്തിന് കൊടുക്കുന്നത് പതിവായി. അത് പിന്നീട് നെഹ്റുവിൻ്റെ അടയാളമായി മാറുകയായിരുന്നു.