വീണ്ടും ജീവിതത്തിന് മുന്നിൽ ഒറ്റപ്പെട്ട് ശ്രുതി. ഏക കൈത്താങ്ങായിരുന്ന ജെൻസണും വിടവാങ്ങി. വയനാട് ഉരുൾപൊട്ടലിൽ നിന്നും കുടുംബത്തിലെ 9 പേരെയാണ് ശ്രുതിയ്ക്ക് നഷ്‌ടപ്പെട്ടത്. പിന്നീട്, ജീവിതത്തിലേക്ക് തിരിച്ച് വരാൻ ഒരു താങ്ങായി നിന്നത് ജെൻസണായിരുന്നു. എന്നാൽ ഇപ്പോൾ ശ്രുതിയെ തനിച്ചാക്കി ജെൻസണും യാത്രയായി.
വയനാട് കൽപ്പറ്റ വെള്ളാരംകുന്നിൽ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ജെൻസണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് മുതൽ വെൻ്റിലേറ്ററിലായിരുന്ന ജെൻസന്റെ ജീവന് വേണ്ടി ഒരു നാട് മുഴുവൻ പ്രാർത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. രാത്രിയോടെ ജെൻസൺ ശ്രുതിയെ തനിച്ചാക്കി യാത്രയാകുകയായിരുന്നു.
ജൂലൈ 30-ന് പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ ശ്രുതിയുടെ അമ്മ സബിത, അച്ഛൻ ശിവണ്ണ, അനുജത്തി ശ്രേയ എന്നിവർ മരിച്ചിരുന്നു. ഒപ്പം കുടുംബത്തിലെ 9 പേരെയും ശ്രുതിക്ക് നഷ്ടപ്പെട്ടു. ഈ സാഹചര്യത്തിൽ ഒറ്റ രാത്രി കൊണ്ട് ജീവിതത്തിൽ നിന്നും ഒറ്റപ്പെട്ട് പോയ ശ്രുതിക്ക് താങ്ങായി എത്തിയത് സ്‌കൂൾ കാലം മുതലുള്ള സുഹൃത്തായ ജെൻസണായിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് കോഴിക്കോട് – കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിന് സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചാണ് വാനിൽ സഞ്ചരിച്ചിരുന്ന ശ്രുതിയും ജെൻസനുമുൾപ്പെടെ 9 പേർക്ക് പരുക്കേറ്റത്. കാലിന് പരുക്കേറ്റ ശ്രുതി കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ മാസം അവസാനം വിവാഹം നടത്താൻ തീരുമാനിച്ചിരിക്കെയാണ് വാഹനാപകടം.