കൊച്ചി ലഹരി പാര്‍ട്ടി കേസിൽ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും ചോദ്യം ചെയ്യുമെന്ന് പൊലീസ്. ഇരുവരും മുഖ്യപ്രതിയായ ഓം പ്രകാശിനെ സന്ദർശിച്ചെന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് നീക്കം. ലഹരി ഇടപാടിൻ്റെ ഭാഗമായാണോ ഇരുതാരങ്ങളും ഗുണ്ടാ നേതാവിനെ സന്ദർശിച്ചത് എന്നാണ് പൊലീസ് പരിശോധിക്കുന്നത്.
താരങ്ങളെ ഓം പ്രകാശിൻ്റെ ഹോട്ടൽ മുറിയിലെത്തിച്ച എളമക്കര സ്വദേശി ബിനു ജോസഫിനേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊച്ചി കേന്ദ്രീകരിച്ചുള്ള ലഹരി ഇടപാടുകളിൽ പ്രധാനിയാണ് ബിനു ജോസഫെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ ദിവസമാണ് ഡിജെ പരിപാടിക്കിടെ ഓം പ്രകാശിനെ കൊച്ചി മരട് പൊലീസ് ആഡംബര ഹോട്ടലിൽനിന്ന് കസ്റ്റഡിയിലെടുത്തത്. പ്രകാശിനൊപ്പം പിടിയിലായ ഷിഹാസിൽനിന്ന് ലഹരി പിടികൂടിയിരുന്നു. തുടർന്നുളള അന്വേഷണത്തിലാണ് താരങ്ങളുടെ സാന്നിധ്യം പൊലീസ് മനസിലാക്കിയത്.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഹോട്ടലിലെ രജിസ്റ്ററിലും പ്രയാഗയുടേയും ശ്രീനാഥ് ഭാസിയുടേയും സന്ദർശനം രേഖപ്പെടുത്തിയിരുന്നു. താരങ്ങളടക്കം 20 പേർ മുറിയിലെത്തിയെന്നാണ് പൊലീസിന് ലഭ്യമായ വിവരം.