വാഹന യാത്രക്കാർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഷാർജ റോഡ്സ് ആന്റ് ട്രാൻസ്പോർട്ടേഷൻ അതോറിറ്റി (ആർടിഎ). ഷാർജയിലെ രണ്ട് പ്രധാനപ്പെട്ട റോഡുകളിലെ വേഗപരിധി ആർടിഎ കുറച്ചു. അൽ ഇത്തിഹാദ് റോഡിലെയും അൽ വഹ്ദ റോഡിലെയും വേഗപരിധിയിലാണ് ആർടിഎ വ്യത്യാസം വരുത്തിയിരിക്കുന്നത്.
രണ്ട് റോഡുകളിലെയും വേഗത മണിക്കൂറിൽ 100 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററായാണ് കുറച്ചത്. റോഡുകളിൽ സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനായി പുതിയ വേഗപരിധി കർശനമായും പാലിക്കണമെന്ന് വാഹനമോടിക്കുന്നവരോട് ആർടിഎ അധികൃതർ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം റാസൽഖൈമയിലെ ഒരു പ്രധാന റോഡിലെ വേഗപരിധി പൊലീസ് വർദ്ധിപ്പിച്ചിരുന്നു. അൽ വതൻ റോഡിലെ വേഗത 100 കിലോമീറ്ററിൽ നിന്ന് 120 കിലോമീറ്ററായി ആയിരുന്നു ഉയർത്തിയത്. പലപ്പോഴും സാഹചര്യങ്ങൾക്ക് അനുസരിച്ച് അധികൃതർ റോഡിലെ വേഗപരിധിയിൽ മാറ്റം വരുത്താറുണ്ട്.