വനിതാ ഫുട്ബോൾ ലോകകപ്പിൽ മുത്തമിട്ട് സ്പെയിൻ. ഏകപക്ഷീയമായ ഒരു ഗോളിന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് സ്പെയിൻ കിരീടം സ്വന്തമാക്കിയത്. സ്പാനിഷ് വനിതാ ഫുട്ബോൾ ചരിത്രത്തിലെ ആദ്യ ലോകകപ്പ് കിരീടമാണിത്. 29-ാം മിനിറ്റിൽ ക്യാപ്റ്റൻ ഓൾഗ കാർമോണയുടെ ഗോളാണ് കിരീട നേട്ടത്തിലേയ്ക്കുള്ള സ്പെയിനിന്റെ യാത്ര അതിവേഗമാക്കിയത്.
ആദ്യ പകുതിയിൽ തന്നെ ഗോൾ നേടി സ്പെയിൻ മത്സരത്തിന്റെ തുടക്കത്തിൽതന്നെ ആധിപത്യം സ്ഥാപിച്ചു. രണ്ടാം പകുതിയിലും ഇൻജുറി ടൈമായി 13 മിനിറ്റ് ലഭിച്ചിട്ടും കളിയിൽ നല്ല ഫോമിലല്ലാതിരുന്നതിനാൽ ഇംഗ്ലണ്ടിന് ഗോൾ നേടാനായില്ല. സ്പെയിനിനൊപ്പം ഇംഗ്ലണ്ടും കന്നിക്കിരീടം ലക്ഷ്യമിട്ടാണ് കളത്തിൽ ഇറങ്ങിയിരുന്നത്. പ്രീ ക്വാർട്ടറിലെത്തിയതാണ് നേരത്തേ സ്പെയിനിന്റെ മികച്ച പ്രകടനം. മൂന്നാം സ്ഥാനം നേടിയതാണ് ഇംഗ്ലണ്ടിന്റെ ഇതുവരെയുണ്ടായിരുന്ന ഏറ്റവും മികച്ചനേട്ടം.