ഭക്ഷണം ആസ്വദിച്ചു തന്നെ കഴിക്കണം, എന്നാൽ ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്നതാണോ എന്ന് അറിഞ്ഞിരിക്കേണ്ടത് നല്ലതാണ്. ഭക്ഷ്യ വിഷബാധയേറ്റ് പലരും ആശുപത്രിയിലായ വാർത്തകൾ വരുന്ന നിലവിലെ സാഹചര്യത്തിലാണ് പുറത്ത് നിന്ന് ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടായേക്കാവുന്ന ഭവിഷത്തുക്കളെകുറിച്ച് ആളുകൾ കൂടുതൽ ചിന്തിക്കാൻ തുടങ്ങിയത്.
അത്തരത്തിൽ, റിയാദ് നഗരത്തിൽ കഴിഞ്ഞ മാസമുണ്ടായ ഭക്ഷ്യവിഷബാധയ്ക്ക് പിന്നിലെ കാരണം കണ്ടെത്തിയിരിക്കുകയാണ് അധികൃതർ. ‘ബോൺ തൂം’ എന്ന ബ്രാൻഡിലുള്ള മയോണൈസിൽ നിന്നാണ് ബാക്ടീരിയ പടർന്നതെന്ന് മുനിസിപ്പൽ-ഗ്രാമകാര്യ- ഭവന മന്ത്രാലയം സ്ഥിരീകരിച്ചു. റിയാദിലെ പ്രമുഖ റസ്റ്ററന്റ് ശൃംഖലയായ ഹംബർഗിനിയിൽനിന്ന് ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയുണ്ടായത്. തുടർന്ന് ഹംബർഗിനി ഉപയോഗിച്ച ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകൾ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ ലാബിൽ പരിശോധിച്ചപ്പോഴാണ് യഥാർഥ വില്ലനായ’ബോൺ തൂമിനെ കണ്ടെത്തിയത്.
ഇതോടെ ബോൺ തൂമിന് പൂട്ട് വീണു.ലാബ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിപണിയിൽനിന്ന് ഇതിന്റെ എല്ലാ ബാച്ചുകളും പിൻവലിക്കാനും നിർമാണ കമ്പനി പൂട്ടാനും മന്ത്രാലയം ഉത്തരവിറക്കി കഴിഞ്ഞു. ഈ കമ്പനിയുടെ കാലാവധി കഴിയാത്ത മയോണൈസ് വിൽക്കാനോ ഉപയോഗിക്കാനോ പാടില്ല. അത് മാത്രമല്ല, കോഫി ഷോപ്പുകൾ, റസ്റ്ററന്റ് ഉൾപ്പടെയുള്ള ഭക്ഷണശാലകൾ നിരോധിക്കപ്പെട്ട മയോണൈസ് സ്റ്റോക്കുണ്ടെകിൽ അത് ഉപയോഗിക്കരുതെന്നും ഉത്തരവിൽ പറയുന്നു.
ഏപ്രിൽ 25നാണ് സംഭവം. വിഷബാധയേറ്റ് നിരവധി പേർ ചികിത്സ തേടുകയും ചികിത്സക്കിടെ ഒരാൾ മരിക്കുകയും ചെയ്തിരുന്നു. 35 പേർ അതീവ ഗുരുതരാവസ്ഥയിലുമായി. നഗരത്തിൽ ഭക്ഷ്യ വിഷബാധയുണ്ടായ വിവരം ലഭിച്ചയുടൻ തന്നെ ആരോഗ്യ മന്ത്രാലയവും റിയാദ് മുനിസിപ്പാലിറ്റിയും ഇടപെട്ടു. മണിക്കൂറുകൾക്കകം ഏത് സ്ഥാപനത്തിൽ നിന്നാണ് വിഷബാധയുണ്ടായതെന്ന് കണ്ടെത്തുകയും പ്രാഥമിക നടപടിയെന്നോണം ഹംബർഗനിയുടെ എല്ലാ ശാഖകളും അടച്ചുപൂട്ടാൻ ഉത്തരവിടുകയും ചെയ്തു. ഓൺലൈൻ വിതരണത്തിനും വിലക്കേർപ്പെടുത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു.
പ്രാഥമിക പരിശോധനയിൽ ബോട്ടിലിസം എന്ന പേരിലുള്ള ബാക്ടീരിയയാണ് വിഷബാധക്ക് കാരണമായതെന്ന് കണ്ടെത്തി. ബാക്ടീരിയ പടരുന്നത് തടയാൻ റിയാദ് മുനിസിപ്പാലിറ്റി നഗരത്തിലെ ഭക്ഷണശാലകളിൽ പരിശോധന നടത്തി മാർഗനിർദേശനങ്ങൾ നൽകി വരികയാണ്. ഭക്ഷ്യവിഷബാധയേറ്റ് ചകിത്സക്കെത്തിയാൽ പാലിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ചും റിപ്പോർട്ട് ചെയ്യേണ്ട സാഹചര്യത്തെക്കുറിച്ചും കൃത്യമായ വിവരങ്ങൾ അടങ്ങിയ സർക്കുലർ പൊതുആരോഗ്യ വകുപ്പ് (വെകായ) ആശുപത്രികൾക്കും മെഡിക്കൽ സെന്ററുകൾക്കും നൽകിയിട്ടുണ്ട്.
കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ പക്ഷാഘാതത്തിനും മരണത്തിനും വരെ കാരണമാകുന്ന ബോട്ടിലിസത്തിന്റെ സാന്നിധ്യം ജനങ്ങൾക്കിടയിൽ വലിയ രീതിയിൽ ഭീതിയുണ്ടാക്കി. എങ്കിലും ആരോഗ്യ മന്ത്രാലയവും മുനിസിപ്പാലിറ്റിയും നടത്തിയ ചടുല നീക്കം ബാക്ടീരിയ പടരുന്നത് തടഞ്ഞു. രാജ്യത്തെ എല്ലാ നഗരങ്ങളിലും ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള പരിശോധന കാമ്പയിനുകൾ തുടരാൻ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. ഔദ്യോഗിക ഉറവിടത്തിൽ നിന്നുള്ള വാർത്തകളല്ലാതെ പ്രചരിപ്പിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. സൂക്ഷിക്കുക, രുചിയുള്ള ഭക്ഷണത്തിലെ ഒളിഞ്ഞു കിടക്കുന്ന, മരണത്തിനു വരെ കാരണമായേക്കാവുന്ന ബാക്ടീരിയകളെ.