മലയാളി പ്രേക്ഷകരെ ഏറെ വേദനിപ്പിച്ച വാർത്തയായിരുന്നു നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ വിയോഗം. സുധി കൂടെയില്ലെന്ന സത്യം ഇതുവരെ ഉൾക്കൊള്ളാനായിട്ടില്ല ഭാര്യയായ രേണുവിനും മക്കളായ രാഹുലിനും ഋതുലിനും. ഒരുപാട് സ്വപ്നങ്ങൾ ബാക്കിയാക്കി യാത്രയായ അച്ഛന്റെ മുഖം കയ്യിൽ പച്ചകുത്തിയിരിക്കുകയാണ് സുധിയുടെ അച്ചുക്കുട്ടൻ. സുധി എപ്പോഴും കൂടെയുണ്ടെന്ന് തന്നെ വിശ്വസിക്കാനാണ് ഇവർക്കിഷ്ടം. ടാറ്റൂ ചെയ്യുന്ന വീഡിയോ രേണുവാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.
ഒരുപാട് പ്രതിസന്ധികൾ ഉണ്ടായിട്ടും തന്നെ കയ്യിൽ നിന്ന് താഴെ വെക്കാതിരുന്ന അച്ഛന്റെ മുഖം കയ്യിൽ പതിപ്പിച്ച രാഹുലിനെയും കുടുംബത്തെയും ആശ്വസിപ്പിച്ചും ദുഃഖം പ്രകടിപ്പിച്ചും നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഒന്നര വയസിൽ അമ്മ ഉപേക്ഷിച്ചു പോയപ്പോഴും തന്റെ നെഞ്ചോട് ചേർത്താണ് സുധി രാഹുലിനെ വളർത്തിയത്. അച്ഛൻ മകൻ ബന്ധത്തേക്കാൾ ഉപരി നല്ല സുഹൃത്തുക്കളായിരുന്നു ഇരുവരും. പിന്നീട് രേണു ജീവിതത്തിലേക്ക് വന്നശേഷവും ഇളയ മകൻ ഉണ്ടായപ്പോഴും ജീവിതത്തിൽ എല്ലാം നേടിയ സന്തോഷത്തിലായിരുന്നു സുധി.
എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ വാഹനാപകടത്തിൽ സുധി മരണപ്പെട്ടതോടെ ജീവിതത്തിൽ തനിച്ചായിരിക്കുകയാണ് ഈ കുടുംബം. സുധിയുടെ വിയോഗത്തിൽ നിന്നും അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും സഹപ്രവർത്തകർക്കും ഇതുവരെ മുക്തരാകാൻ സാധിച്ചിട്ടില്ല. കുടുംബത്തേപ്പോലെ തന്നെ കൊല്ലം സുധി ഇനി ഇല്ല എന്ന് വിശ്വസിക്കാൻ ആരാധകരും തയ്യാറല്ല.