മാതാപിതാക്കളെ മക്കൾ ഉപേക്ഷിക്കുന്ന നിരവധി സംഭവങ്ങൾ നമ്മുടെ കൊച്ചു കേരളത്തിൽ നടക്കുന്നുണ്ട്. എന്നാൽ കൊച്ചിയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത് മറ്റൊരു ദാരുണമായ സംഭവമാണ്. കിടപ്പ് രോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് മകനും കുടുംബവും കടന്ന് കളഞ്ഞു. കുടുംബം കൂട്ടത്തോടെ മുങ്ങിയതിനാൽ 2 ദിവസം വയോധികന് ഭക്ഷണം പോലും കിട്ടിയിരുന്നില്ല. തൃപ്പൂണിത്തുറ ഏരൂരിലാണ് സംഭവം.
കഴിഞ്ഞ ദിവസമാണ് മകൻ അജിത്തും കുടുംബവും വീട്ട് സാധനങ്ങളെടുത്ത് അച്ഛനെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞത്. അച്ഛൻ ഷൺമുഖനെ മകൻ നോക്കുന്നില്ലെന്ന് നേരത്തെയും പരാതിയുണ്ടായിരുന്നു. പരിസരവാസികൾ അറിയിച്ചതിനെ തുടർന്ന് വീട്ടുടമ സ്ഥലത്തെത്തി വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
സഹോദരിമാർ ഏറ്റെടുക്കുമെന്ന് പറഞ്ഞാണ് മകൻ അജിത് മുങ്ങിയതെന്നാണ് നാട്ടുകാർ പറയുന്നത്. വാടക വീടിന്റെ ഉടമയാണ് നിലവില്‍ വൃദ്ധന് ഭക്ഷണവും വെള്ളവും നല്‍കുന്നത്. 24 മണിക്കൂര്‍ വൃദ്ധന് വീട്ടിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ടത് ആരും അറിഞ്ഞിരുന്നില്ല. വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മകന് ഉപേക്ഷിച്ചു പോയ വിവരം ഉടമസ്ഥന് അറിയുന്നത്. ഷണ്മുഖന് മൂന്ന് മക്കളാണുള്ളത്.