കുവൈത്തിൽ അച്ചടക്ക കാരണങ്ങളാൽ ജയിലിൽ കഴിയുന്ന എല്ലാ സൈനികരെയും മോചിപ്പിക്കാൻ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിങ് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ് ഉത്തരവിട്ടു. റമദാൻ കണക്കിടെലുത്താണ് മോചനം.
സൈനികർ അവരുടെ കുടുംബങ്ങളുമായി റമദാൻ പങ്കിടുന്നത് പ്രധാനമാണെന്ന് ശൈഖ് തലാൽ അൽ ഖാലിദ് വിശ്വസിക്കുന്നുവെന്ന് കുവൈത്ത് ആർമി ജനറൽ സ്റ്റാഫ് ചെയർമാൻ അറിയിച്ചു. കൂടാതെ എല്ലാ സൈനികർക്കും ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ് റമദാൻ ആശംസകൾ അറിയിച്ചു.
അമീറും സായുധസേനയുടെ പരമോന്നത കമാൻഡറുമായ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് എന്നിവരുടെ നേതൃത്വത്തിൽ രാജ്യത്തിന് കൂടുതൽ സമാധാനവും സുരക്ഷയും ലഭിക്കട്ടെയെന്നും ശൈഖ് തലാൽ അൽ ഖാലിദ് കൂട്ടിച്ചേർത്തു.