കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നിസ്വാർഥ സേവനത്തെ അഭിനന്ദിച്ച് പ്രവാസി വ്യവസായിയും സിനിമാ സംവിധായകനും നിര്‍മാതാവുമായ സോഹന്‍ റോയ്. ഫെബ്രുവരി 18 ന് വൈകുന്നേരം എയർ അറേബ്യ വിമാനത്തില്‍ കൊച്ചിയിൽനിന്നു ഭാര്യയോടൊപ്പം ഷാർജയിലേക്കു പോകാനെത്തിയതായിരുന്നു അദ്ദേഹം. ബോർഡിങ് പാസ് ലഭിച്ചതിന് ശേഷം ഭാര്യ അദ്ദേഹത്തോട് 500 രൂപ കളഞ്ഞുകിട്ടിയതായി കസ്റ്റംസ് ഉദ്യോഗസ്ഥൻ അറിയിച്ചെന്ന് പറഞ്ഞു. സോഹൻ റോയുടെ പോക്കറ്റിൽ കുറേ 500 രൂപ നോട്ടുകളുള്ള കാര്യം ഭാര്യയ്ക്ക് അറിയാമായിരുന്നു. എന്നാൽ തന്റെ പണമാണ് നഷ്ടപ്പെട്ടതെന്ന് അറയാമായിരുന്നിട്ടും അത് തിരിച്ചുകിട്ടാൻ ഒട്ടേറെ നൂലാമാലകൾ നേരിടേണ്ടി വരുമെന്നും അതുവഴി സമയം ഒരുപാട് നഷ്ടപ്പെടുമെന്നും മനസ്സിലാക്കി സോഹൻ റോയി അത് വിട്ടേക്കാൻ പറഞ്ഞു.
പക്ഷെ, കർമ നിരതരായ കസ്റ്റംസ് ഉദ്യോഗസ്ഥർ ജോലിത്തിരക്കിനിടയിലും അദ്ദേഹത്തെ സമീപിച്ചു. പണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് കണ്ടെത്താമെന്നു സോഹനോട് പറഞ്ഞു. പരിശോധനയിൽ, പണം സോഹൻ റോയിയുടേതാണെന്നു തിരിച്ചറിയുകയും ചെയ്തു.
നിരവധി രാജ്യാന്തര വിമാനത്താവളങ്ങളിലൂടെ സഞ്ചരിച്ചിട്ടുണ്ടെങ്കിലും കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഈ ആത്മാർഥത പ്രശംസനീയമാണെന്ന് സോഹൻ റോയ് പറഞ്ഞു.
സോഹൻ റോയ് ഫേസ്ബുകിൽ പങ്കുവച്ച കുറിപ്പ്
ആത്മാർത്ഥമായ കാര്യക്ഷമതയ്ക്ക് കൊച്ചി എയർപോർട്ട് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ. അബദ്ധത്തിൽ എന്റെ പോക്കറ്റിൽ നിന്ന് 500 രൂപ താഴെ വീണു. അവർക്ക് അത് ലഭിച്ചു, അത് എന്റേതാണ് എന്ന് ഉറപ്പുവരുത്താനും എനിക്ക് തിരികെ നൽകാനും വേണ്ടി സിസിടിവി ഉപയോഗിച്ച് അവർ എന്നെ തിരിച്ചറിഞ്ഞു. ലോകമെമ്പാടുമുള്ള നൂറിലധികം എയർപോർട്ടുകളിലൂടെ ഞാൻ യാത്ര ചെയ്തിട്ടുണ്ട്, ഇത്രയും കാര്യക്ഷമമായ ഒരു സംവിധാനം ഇതുവരെ എനിക്ക് കാണാൻ കഴിഞ്ഞില്ല. ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ CISF-ൽ അഭിമാനം തോന്നുന്നു. ജയ് ഹിന്ദ്.