അടച്ചിട്ട വാതിലുകൾക്ക് പിന്നില്‍ മറഞ്ഞിരിക്കുന്നവരെ കണ്ടെത്തുന്ന സ്മാര്‍ട്ട് സിസ്റ്റം വികസിപ്പിച്ചെടുത്ത് പൊലീസുകാരി. യുഎഇ റാസൽഖൈമ പോലീസിലെ സ്‌പെഷ്യൽ ടാസ്‌ക് ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള ആദ്യ സെർജന്റ് അമ്‌ന അൽ ഹജ്‌രിയാണ് സ്മാർട്ട് ഉപകരണത്തിന് പിന്നില്‍.
വാതിലുകൾക്ക് പിന്നിലുളള മനുഷ്യ സാന്നിധ്യം, തടസ്സങ്ങൾ, ഇൻസുലേഷനുകൾ എന്നിവ കണ്ടെത്താനും പൊലീസിന്‍റെ പ്രവര്‍ത്തനങ്ങൾ കൂടുതല്‍ സുഗമമാക്കാനും ഇതുവഴി സാധ്യാമാകും. ആയുധധാരികളായ കുറ്റവാളികളെ നേരിടുമ്പോഴും സ്മാര്‍ട് സംവിധാനം സഹായകരമാകും. സുരക്ഷാരംഗത്തും അപകട മേഖലയിലുമൊക്കെ പൊലീസിനേയും രക്ഷാപ്രവര്‍ത്തകരേയും തുണയ്ക്കുന്ന സ്മാര്‍ട് സംവിധാനം ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു.
ഫെഡറൽ നാഷണൽ കൗൺസിൽ സമ്മേളനത്തോടനുബന്ധിച്ച് ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച എക്‌സിബിഷനിലാണ് പുതിയ സംവിധാനം പ്രദര്‍ശിപ്പിച്ചത്. അംന അൽ ഹജ്‌രിയുടെ കണ്ടുപിടിത്തത്തെ റാസൽഖൈമ സ്‌പെഷ്യൽ ടാസ്‌ക് ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടർ കേണൽ ഡോ. യൂസഫ് സലേം ബിൻ യാക്കൂബ് അൽ സാബി പ്രശംസിച്ചു.
വാഹന റെയ്ഡുകളില്‍ ഉൾപ്പടെ പ്രയോജനപ്പെടുത്താവുന്ന വിധമാണ് സ്മാര്‍ട്ട് സംവിധാനം. സുസ്ഥിര വികസനത്തിനൊപ്പം സുരക്ഷിതത്വത്തിന് പ്രാധാന്യം നല്‍കുന്ന പ്രവര്‍ത്തനങ്ങൾ അനിവാര്യമാണെന്നും പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സംയോജിത സുരക്ഷാ സംവിധാനം തയ്യാറാക്കാന്‍ താത്പര്യപ്പെടുന്നെന്നും കേണൽ ഡോ. യൂസഫ് സലേം വ്യക്തമാക്കി.