സ്‌കോഡ കമ്പനിയിൽ നിന്ന് പുറത്തിറങ്ങുന്ന പുതിയ എസ്.യു.വിക്ക് പേരിട്ടത് കാസർകോട് സ്വദേശി. കാസര്‍കോട് നജാത്ത് ഖുര്‍ആന്‍ അക്കാദമിയിലെ അധ്യാപകനായ മുഹമ്മദ് സിയാദ് നിർദ്ദേശിച്ച ‘കൈലാഖ്’ എന്ന പേര് കമ്പനി തിരഞ്ഞെടുക്കുകയായിരുന്നു. ഇക്കാര്യം ഔദ്യോഗികമായി കമ്പനി മുഹമ്മദ് സിയാദിനെ അറിയിച്ചു.
എസ്.യു.വിയുടെ ആദ്യ യൂണിറ്റ് സിയാദിന് സമ്മാനമായി നൽകുമെന്നും കമ്പനി പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിലാണ് പേര് നിർദ്ദേശിക്കാനുളള മത്സരം കമ്പനി സംഘടിപ്പിച്ചത്. രണ്ടുലക്ഷം ആളുകൾ മത്സരത്തിൽ പങ്കെടുത്തിരുന്നു.
കെ എന്ന അക്ഷരത്തില്‍ ആരംഭിച്ച് ക്യൂ എന്ന ഇംഗ്ലീഷ് അക്ഷരത്തില്‍ അവസാനിക്കുന്ന പേര് വേണം നിര്‍ദേശിക്കാന്‍ എന്നതായിരുന്നു മത്സരത്തിലെ നിബന്ധന. ഇതിനായി നെയിം യുവര്‍ സ്‌കോഡ എന്ന വെബ്സൈറ്റും ആരംഭിച്ചിരുന്നു. ഇതില്‍ നല്‍കിയിരുന്ന അഞ്ച് പേരുകളില്‍ ഒന്നായിരുന്നു കൈലാഖ്. സ്ഫടികം എന്നാണ് ഈ സംസ്‌കൃത പദത്തിൻ്റെ അർത്ഥം.
താന്‍ പേരിട്ട വാഹനത്തിൻ്റെ ആദ്യ യൂണിറ്റ് വീട്ടിലെത്തുന്നതിൻ്റെ സന്തോഷത്തിലാണ് മുഹമ്മദ് സിയാദ്. ഒന്നാം സ്ഥാനക്കാരന് വാഹനം ലഭിക്കുന്നതിനൊപ്പം 10 പേര്‍ക്ക് സ്‌കോഡയുടെ പ്രാഗിലെ പ്ലാൻ്റ് സന്ദര്‍ശിക്കാനുള്ള അവസരവും കമ്പനി ഒരുക്കിയിട്ടുണ്ട്. നിലവില്‍ ഇന്ത്യയിലെ സ്‌കോഡയുടെ എസ്.യു.വികളുടെയെല്ലാം പേരുകള്‍ കെയില്‍ ആരംഭിച്ച് ക്യുവില്‍ അവസാനിക്കുന്നവയാണ്. 2025ൽ വാഹനം നിരത്തിലെത്തുമെന്ന് കമ്പനി വ്യക്തമാക്കി.