വിവിധ തൊഴിൽമേഖലകളിലെ വിദഗ്ധർക്ക് യുഎഇ ഗോൾഡൻ വിസ നടപടികൾ ഇനി അതിവേഗം പൂർത്തിയാക്കാൻ സാധിക്കും. വിവിര സാങ്കേതിക വിദഗ്ധർ, ഡിജിറ്റൽ സേവന വിദഗ്ധർ, റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലെ വിദഗ്ധർക്കാണ് ഗോൾഡൻ വിസ കൂടുതലായും അനുവദിക്കുന്നത്. വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ വ്യക്തി വിവരങ്ങൾ മാനവ വിഭവശേഷി മന്ത്രാലയത്തിൽ ഉള്ളതിനാൽ ഇമിഗ്രേഷൻ നടപടികൾ അതിവേഗം പൂർത്തിയാക്കാൻ സാധിക്കും.
ഗോൾഡൻ വിസ നടപടിക്രമങ്ങൾ കൂടുതൽ സുതാര്യമാക്കിയതിനാൽ രണ്ടാഴ്ചയ്ക്കകം വിസ ലഭിക്കുകയും ചെയ്യും. വിദ്യാഭ്യാസ യോഗ്യത, എമിറേറ്റ്സ് ഹെൽത്ത് ഇൻഷുറൻസ്, സാലറി സർട്ടിഫിക്കറ്റ്, തൊഴിൽ കരാർ, ചെയ്യുന്ന ജോലിയിൽ 5 വർഷത്തെ പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖ എന്നിവയാണ് വിസയ്ക്ക് അപേക്ഷിക്കാൻ സമർപ്പിക്കേണ്ട രേഖകൾ. സർക്കാർ ഫീസും വിസ അപേക്ഷ ഫീസും ഉൾപ്പെടെ 3,000 ദിർഹമാണ് ചെലവ് വരിക.