അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ പൊതുദർശനം ആരംഭിച്ചു. ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവ്വകലാശാലയിലെ വിദ്യാർത്ഥി യൂണിയൻ ഓഫീസിലാണ് പൊതുദർശനം ആരംഭിച്ചത്. മുദ്രാവാക്യങ്ങൾക്കിടയിലൂടെ യച്ചൂരിയുടെ ഭൗതികശരീരവും വഹിച്ചുള്ള വാഹനം ക്യാംപസിലെത്തിയപ്പോൾ ആദരാഞ്ജലിയർപ്പിക്കാൻ വലിയ ജനക്കൂട്ടമായിരുന്നു കാത്തുനിന്നത്.
യൂണിവേഴ്സിറ്റി ക്യാംപസിലെ പൊതുദർശനത്തിന് ശേഷം ഭൗതികദേഹം ഡൽഹി വസന്ത് കുഞ്ചിലെ വീട്ടിലേക്ക് കൊണ്ടുപോകും. രാത്രി മുഴുവൻ വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. നാളെ രാവിലെ 10 മണിയോടെ യച്ചൂരിയുടെ മൃതദേഹം സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസായ എകെജി ഭവനിലേക്ക് കൊണ്ടുവരും. മൂന്ന് മണി വരെ അവിടെ പൊതുദർശമുണ്ടാകും.
തുടർന്ന് ഭൗതിക ശരീരം വിലാപയാത്രയായി 14 അശോക റോഡ് വരെ കൊണ്ട് പോകും. അവിടെ നിന്ന് എയിംസിലെത്തിച്ച് വൈദ്യപഠനത്തിനായി ആശുപത്രി അധികൃതർക്ക് മൃതദേഹം കൈമാറും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉൾപ്പടെയുള്ളവർ ഇന്ന് വീട്ടിലെത്തി യച്ചൂരിക്ക് അന്തിമോപചാരം അർപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം കേരളത്തിലെ പ്രമുഖ സിപിഎം നേതാക്കളെല്ലാം ഡൽഹിയിലെത്തിയിട്ടുണ്ട്.