സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലിക്കെയാണ് അന്ത്യം.
സീതാറാം യച്ചൂരിയുടെ മൃതദേഹം ഇന്ന് എയിംസിൽ സൂക്ഷിക്കും. തുടർന്ന് നാളെ വസന്ത്കുഞ്ജിലെ വീട്ടിൽ കൊണ്ടുവരും. 14ന് രാവിലെ എകെജി സെന്ററിൽ പൊതുദർശനത്തിന് വയ്ക്കുകയും വൈകുന്നേരം മൂന്ന് മണിയോടെ ഭൗതിക ശരീരം മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തിനായി വിട്ടുനൽകുകയും ചെയ്യും.
32 വർഷമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗമായി പ്രവർത്തിക്കുന്ന യച്ചൂരി 2015-ലാണ് ജനറൽ സെക്രട്ടറി പദവിയിലേക്കെത്തിയത്. 2005 മുതൽ 2017 വരെ ബംഗാളിൽ നിന്നുള്ള രാജ്യസഭാംമായിരുന്നു. ജനറൽ സെക്രട്ടറി സ്ഥാനത്ത് 10 വർഷം പൂർത്തിയാകാൻ ഏതാനും മാസങ്ങൾ ബാക്കി നിൽക്കേയാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം.
മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ സീമ ചിശ്‌തി ആണ് ഭാര്യ. യു.കെയിൽ സെന്റ് ആൻഡ്രൂസ് സർവകലാശാല അധ്യാപിക അഖില യെച്ചൂരി, മാധ്യമപ്രവർത്തകനായിരുന്ന പരേതനായ ആശിഷ് യെച്ചൂരി എന്നിവർ മക്കളാണ്.