യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കി ഗായിക രഞ്ജിനി ജോസ്. വിസാ നടപടികൾ പൂർത്തിയാക്കിയ ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നാണ് രഞ്ജിനി വിസ സ്വീകരിച്ചത്. 10 വർഷത്തെ വിസയാണ് പതിച്ചിരിക്കുന്നത്.
ബിസിനസ്-ചലച്ചിത്ര-കായിക രംഗം ഉൾപ്പെടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കാണ് യുഎഇ ഗോൾഡൻ വിസ നൽകുന്നത്. നേരത്തേ മലയാള സിനിമയിൽ നിന്ന് മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ, ടൊവിനോ തോമസ്, ആസിഫ് അലി, ആശ ശരത്ത്, ശ്വേതാ മേനോൻ, ഹണി റോസ് തുടങ്ങി നിരവധി താരങ്ങൾക്ക് ഗോൾഡൻ വിസ ലഭിച്ചിരുന്നു. കൂടാതെ തെന്നിന്ത്യൻ സംഗീത രംഗത്ത് നിന്ന് എം. ജയചന്ദ്രൻ, എം.ജി ശ്രീകുമാർ, സിതാര കൃഷ്ണകുമാർ, ഗോപി സുന്ദർ, അമൃത സുരേഷ്, അഫ്സൽ, ദേവാനന്ദ്, മധു ബാലകൃഷ്ണൻ, ലക്ഷ്മി ജയൻ, സ്റ്റീഫൻ ദേവസി, ആൻ ആമി, അക്ബർ ഖാൻ, സുമി അരവിന്ദ് ഉൾപ്പെടെയുള്ളവരും ഗോൾഡൻ വിസ സ്വന്തമാക്കിയിരുന്നു.
2000-ത്തിൽ മേലേവാര്യത്തെ മാലാഖക്കുട്ടികൾ എന്ന ചിത്രത്തിൽ ഗായിക കെ.എസ് ചിത്രക്കൊപ്പം പാടിയാണ് രഞ്ജിനി സിനിമാ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 200ലധികം ചിത്രങ്ങളിൽ രഞ്ജിനി പാടിയിട്ടുണ്ട്. കൂടാതെ അഭിനയരംഗത്തേയ്ക്കും കടന്ന രഞ്ജിനി ഇതോടൊപ്പം നിരവധി സ്റ്റേജ് ഷോകളും അവതരിപ്പിച്ചുവരുന്നുണ്ട്.