സിക്ക് ലീവ് ഇനി ഓൺലൈനായി എടുക്കാം. കുവൈറ്റിൽ ഇലക്ട്രോണിക് സിക്ക് ലീവ് പ്രാബല്യത്തിൽ വന്നതായി ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ.അബ്ദുല്ല അൽ സനദ് അറിയിച്ചു. ‘കുവൈറ്റ് ഹെൽത്ത്’ വഴിയോ ‘സഹൽ’ ആപ് വഴിയോ ലീവിനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ആപ്ലിക്കേഷനിലെ ‘സേവനങ്ങൾ’ എന്ന ഒപ്ഷൻ തിരഞ്ഞെടുത്തതിന് ശേഷം ആവശ്യമായ വിവരങ്ങള്‍ നല്കി സിക്ക് ലീവിനുള്ള അപേക്ഷ സമര്‍പ്പിക്കണം.
അതേസമയം ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് ഒരു ദിവസത്തേക്ക് മാത്രമേ ഇലക്ട്രോണിക് സിക്ക് ലീവിന് അപേക്ഷിക്കാൻ കഴിയുള്ളൂ. മാത്രമല്ല, അപേക്ഷിക്കുന്ന ദിവസത്തിന്റെ അതേ തീയതിയിൽത്തന്നെ ആയിരിക്കണം സിക്ക് ലീവ് എടുക്കേണ്ടത്. ഒരു മാസത്തിൽ ഓണ്‍ലൈന്‍ വഴി അനുവദിക്കുന്ന അവധി പരമാവധി മൂന്നുദിവസം ആയിരിക്കും. ഇതിൽ കൂടുതൽ അവധി ആവശ്യമാണെങ്കിൽ ആശുപത്രികളിൽ നേരിട്ട് എത്തി ഡോക്ടറുടെ പരിശോധനക്ക് വിധേയമാകണം. കൂടാതെ വര്‍ഷത്തില്‍ പരമാവധി 15 ദിവസം ഇലക്ട്രോണിക് സിക്ക് ലീവ് ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
വ്യാജ മെഡിക്കല്‍ സർട്ടിഫിക്കറ്റ് ഹാജരാക്കി സിക്ക് ലീവ് ദുരുപയോഗം ചെയ്യുന്നതിനുള്ള സാധ്യതയുണ്ട്. ഇത് തടയുന്നതിന്റെ ഭാഗമായാണ് ഇലക്ട്രോണിക് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ രാജ്യത്ത് ഓരോ വര്‍ഷവും 30 ലക്ഷത്തിലേറെ മെഡിക്കൽ ലീവ് സർട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്യുന്നത്. മാത്രമല്ല, വ്യാജ സിക്ക് ലീവ് നൽകുന്നതിന് പിന്നിൽ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.