സംസ്ഥാനത്തെ ബിജെപി സ്ഥാനാർത്ഥികളുടെ പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും സംഘവും ഡൽഹിയിലെത്തി. രാത്രി ഏഴു മണിക്കാണ് ഔപചാരിക ചർച്ച. കെ സുരേന്ദ്രനൊപ്പം സംഘടന സെക്രട്ടറി കെ സുഭാഷും മുൻ അധ്യക്ഷന്മാരായ പി കെ കൃഷ്ണദാസ്, വി മുരളീധരൻ, കുമ്മനം രാജ ശേഖരൻ എന്നിവരും സംഘത്തിലുണ്ട്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും കൊല്ലത്തുമാണ് പട്ടികയിൽ അനിശ്ചിതാവസ്ഥയുള്ളത്.
അതേസമയം നടി ശോഭന മത്സരരംഗത്ത് ഉണ്ടാകില്ല, മത്സരിക്കാനില്ലെന്ന് ശോഭന സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്, എന്നാൽ പ്രചാരണ രംഗത്തിറങ്ങാമെന്ന് സമ്മതിച്ചിട്ടുണ്ട്. പിന്നീടുള്ള സാധ്യത ലിസ്റ്റ് ഇങ്ങനെയാണ്…ആലപ്പുഴയിൽ രൺജിത് ശ്രീനിവാസൻ്റെ ഭാര്യ ലിഷ രൺജിത് മത്സരിച്ചേക്കും, കിറ്റക്സ് എംഡി സാബു ജേക്കബിന്റെ പേര് എറണാകുളത്ത് പറഞ്ഞു കേൾക്കുന്നു. തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ മണ്ഡലങ്ങളിലെ സാധ്യത പട്ടികയാണ് ഇന്ന് ആദ്യം പരിഗണിക്കുക,
തൃശ്ശൂരിൽ സുരേഷ് ഗോപി, ആറ്റിങ്ങൽ വി മുരളീധരൻ, പാലക്കാട് സി കൃഷ്ണകുമാർ, എന്നിവർ ഉറപ്പിച്ചു കഴിഞ്ഞു. കോഴിക്കോട് സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശിൻ്റെ പേരിനാണ് പ്രാമുഖ്യമെങ്കിലും യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ, മഹിള മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യ ഹരിദാസ് എന്നിവരും പട്ടികയിലുണ്ട്, മലപ്പുറത്ത് ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ള കുട്ടിയും കാലിക്കറ്റ് സർവകലാശാല മുൻ വി സി അബ്ദുൽ സലാമും പരിഗണനയിലുണ്ട്.