ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ വീണ്ടും ആരംഭിച്ചു. കാർവാറിൽ നിന്നുള്ള നാവികസേനയുടെ നേതൃത്വത്തിലാണ് ഗംഗാവലി പുഴയിൽ തിരച്ചിൽ നടത്തുന്നത്. അർജുനൊപ്പം കാണാതായ രണ്ട് കർണാടക സ്വദേശികളെയും തിരയുന്നുണ്ട്.
അതേസമയം, ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താൻ സോണാർ പരിശോധന നടത്തും. മാത്രമല്ല, ഗംഗാവാലി പുഴയുടെ ഒഴുക്കിന്റെ വേഗത അറിയാനുള്ള പരിശോധനയും നടക്കും. നേരത്തെ മാർക്ക് ചെയ്‌ത രണ്ട് സ്ഥലങ്ങൾ കേന്ദ്രീകരിച്ചാകും പരിശോധന. എന്നാൽ പുഴയിലെ അടിയൊഴുക്കിൽ ലോറി നീങ്ങിക്കാണുമോ എന്ന ആശങ്കയുമുണ്ട്. ഈ രണ്ട് പരിശോധനകൾക്കും ശേഷമായിരിക്കും നാവിക സേനയുടെ മുങ്ങൽ വിദഗ്‌ധർ പുഴയിൽ മുങ്ങിയുള്ള പരിശോധന നടത്തണോ എന്ന് തീരുമാനിക്കുക.
അർജുനായുള്ള തിരച്ചിൽ താൽക്കാലികമായി അവസാനിപ്പിച്ചതിന് ശേഷം പുനരാരംഭിക്കാൻ വൈകുന്നതിൽ അർജുൻ്റെ കുടുംബം വിമർശനവുമായി രംഗത്തെത്തിയിരുന്നു. രണ്ട് ദിവസത്തിനകം തിരച്ചിൽ ആരംഭിച്ചില്ലെങ്കിൽ ഷിരൂരിലെത്തി കുടുംബം ഒന്നടങ്കം പ്രതിഷേധിക്കുമെന്നായിരുന്നു അർജുൻ്റെ സഹോദരി ഭർത്താവ് ജിതിൻ പറഞ്ഞത്.